Friday, March 27, 2009

പാഠം രണ്ട്- പുസ്പം

പൂവിന്റെ പടം എടുക്കാന്‍ എളുപ്പമാണെന്ന് ഗുരുക്കന്മാര്‍ പറയുന്നു. എന്നാ മലമറിക്കാം എന്നു കരുതി ഇറങ്ങി. നട്ടപ്പറ വേനലില്‍ ഏതു പൂ കിട്ടാന്‍. ഒള്ളതില്‍ ക്ലിക്കി.


പണ്ടാരം പൂ കാറ്റില്‍ ഇളകുന്നോണ്ടാണോ എന്തോ ഫോക്കസ് ഷാര്‍പ്പ് ആയില്ല.



ആ യാത്രാമൊഴിയൊക്കെ ചെയ്യുന്ന പോലെ പിറകില്‍ ഇരുട്ടാക്കിയാല്‍ ചെലപ്പ ഭംഗിയായാലോ.

പൂച്ചപ്പഴത്തിന്റെ പൂവാ. ശരിക്ക് വിരിഞ്ഞില്ലേ?

ദാണ്ടേ കൊളത്തില്‍ കൊളവാഴ പൂത്ത് നില്‍ക്കുന്നു. ഈ ഗ്രീറ്റിങ്ങ്സ് കാര്‍ഡിലൊക്കെ വരുന്നപോലെ ഒരെണ്ണം? ങേ ഹേ.


എന്തു പൂവാണോ എന്തോ. നിറത്തില്‍ വലിയ കേമത്തമില്ല. ഇനി വിരിഞ്ഞ് കുറേ ദിവസം ആയോണ്ട് നരച്ചതാവോ?

Friday, March 13, 2009

പല്ലിമുട്ട



വവ്വാലില്‍ നിന്നു പ്രചോദനമുള്‍ക്കൊണ്ട്‌ സോണാര്‍ കണ്ടുപിടിച്ചതുമുതല്‍ ഇന്നാളില്‍ ബോക്സര്‍ മീനിനെ അനുകരിച്‌ ബെന്‍സ്‌ കാര്‍ ഇറങ്ങിയതുവരെയുള്ള ബയോണിക്സ്‌ കഥകളൊക്കെ നമ്മള്‍ കേട്ടിരിക്കുന്നു.


ബ്ലാക്ക്‌ബെറിയുടെ കുരു [trackball] കാണുമ്പോള്‍ എനിക്ക്‌ പല്ലി പോട്ടില്‍ മുട്ടയിട്ടു വച്ചിരിക്കുന്നതാണ്‌ ഓര്‍മ്മവരുന്നത്‌. ഇതും ഇനി ബയോണിക്ക്‌ കണ്ടുപിടിത്തമാണോ ആവോ.

പാഠം ഒന്ന് - തറ



പോസ്റ്റിന്റെ തലക്കെട്ടും ചിത്രത്തില്‍ കാണുന്നവരുമായി ബന്ധമുണ്ടെന്ന് ആരും തെറ്റിദ്ധരിക്കല്ലേ.

പോയിന്റും ഷൂട്ടും ചെയ്യുന്ന ക്യാമറ മാറി ഇപ്പ ഡയസ്‌ നോണ്‍ ഒക്കെ ചെയ്യാവുന്ന ക്യാമറ ഒരെണ്ണം വാങ്ങിച്ചു. എന്തരൊക്കെയാണ്‌ പരുവാടിയെന്ന് നോക്കി വരുന്നതേയുള്ളു. ഇത്‌ ഒന്നാം പാഠം. ആദ്യമായിട്ട്‌ ചുമ്മ ക്ലിക്കാതെ എന്തരൊക്കെയോ ചെയ്തിട്ടു ക്ലിക്കിയപ്പ കിട്ടിയത്‌.

ഗുരുക്കള്‍ അപ്പുവിനും കൈപ്പള്ളിക്കും സമര്‍പ്പിച്ചു.
മോഡലുകള്‍ സിദ്ധാര്‍ത്ഥന്‍, കൈപ്പള്ളി.

Tuesday, September 02, 2008

വൈശാഖന്‍ മാഷ്‌


നാട്ടില്‍ കല്യാണം കൂടാന്‍ പോയവഴിയാണ്‌ വൈശാഖന്‍ മാഷെ കണ്ടത്‌.മാഷ്‌ ബൂലോഗരുടെ സുഖവിവരമൊക്കെ തിരക്കി.


മാഷും ഞാനും ഈ പടത്തില്‍ കാണുന്നതിലും സുന്ദരന്മാരാണു കേട്ടോ. പടം ക്ലിക്കിയ അചിന്ത്യക്ക്‌ സൌന്ദര്യബോധമോ ക്യാമറക്കണ്ണോ ഇല്ലാത്തതുകാരണം ഈ പരുവം ആയിപ്പോയതാണ്‌.

Monday, July 14, 2008

ഫാഷന്‍ പരേഡ്

പെമ്പിള്ളേരു ബിക്കിനിയിട്ടു നില്‍ക്കുന്നതു കാണാന്‍ ഇരച്ചു കയറിയവര്‍ വന്നതുപോലെ പോയിക്കോളുക, ക്ഷൗരത്തിനു കൊട്ടാന്‍ എന്നെക്കൊണ്ടാവില്ല (കട. വീക്കേയെന്‍)


ഇത് വീട്ടുമുറ്റത്തെ റീയാലിറ്റി ഷോ. ജഡജസ് & ജഡേജാസ്, പ്ലീസ് ടേക്ക് യുവര്‍ സീറ്റ്സ്. .


ആദ്യമായി മിസ് വെള്ളക്കാരി പട്ടത്തിനുള്ള മത്സരാര്‍ത്ഥികള്‍ :

1. മിസ്സ് വെള്ളമന്ദാരം


2.മിസ്. മരമുല്ല


3. മിസ് നിഷാ ഗാന്ധി, സോറി നിശാഗന്ധി.



4. മിസ്. പൂച്ചപ്പഴം , ഈ ഫാഷന്‍ ഷോയില്‍ പങ്കെടുക്കുന്ന രണ്ടു പഴങ്ങളില്‍ ആദ്യത്തേത് .


മിസ് ചീനക്കാരി പട്ടം മോഹിച്ചെത്തിയവര്‍
1. മിസ് മഞ്ഞ മന്ദാരം



2. മിസ് ജമന്തി


3. മിസ് പാവല്‍



ഇനി റാമ്പില്‍ എത്തുന്നത്
മിസ് കായാമ്പൂ.
നീല നിറത്തില്‍ മറ്റു സ്ഥാന ആര്‍ത്തികള്‍ ഇല്ലാതെയിരുന്നതിനാല്‍ വാക്കോവര്‍ ലഭിച്ചു



ഇനി മള്‍ട്ടി കളര്‍ ഷോ.

1. മിസ് പനിനീര്‍ ചാമ്പ



2. റെഡ് ക്രൂസിഫിക്സ് ഓര്‍ക്കിഡ്



3. മിസ് കമ്മല്പ്പൂവ്


4. മിസ് തൊണ്ടിപ്പഴം . പഴം വര്‍ഗ്ഗത്തലെ രണ്ടാം പാര്‍ട്ടിസിപ്പന്റ്



5. അവസാനത്തെ കണ്ടസ്റ്റന്റ് മിസ് ചെമ്പരത്തി


(ആരോ ഒരു ബ്ലോഗര്‍ ഈയിടെ വീട്ടുമുറ്റത്തെ ചെടികളുടെ ഫോട്ടോ ഇട്ടിരുന്നു. ആരാണെന്നു മറന്നു, എന്നാലും അതില്‍ നിന്ന് പ്രചോദനം കൊണ്ട ഈ പോസ്റ്റ് ആ പുള്ളിക്കാരനു തന്നെ സമര്‍പ്പിച്ചു. )

Sunday, July 13, 2008

അലങ്കാരപ്പാക്ക്



അലങ്കാരപ്പാക്കുകള്‍ (പൂന്തോട്ടത്തില്‍ ഭംഗിക്കു വളര്‍ത്തുന്ന അടയ്ക്കാമരങ്ങള്‍ ) രണ്ടുമൂന്നു തരം ഉണ്ട്. ഇത് pinang merah (ശാസ്ത്രനാമം areca vestiaria ) . ഈ ഇന്തോനേഷ്യക്കാരി കുഞ്ഞ് അടയ്ക്കയുടെയും ചുവന്ന പാളയുടെയും ഭംഗികൊണ്ട് ലോകം മൊത്തമുള്ള ഉഷ്ണമേഘലാ തോട്ടങ്ങളില്‍ എത്തി.

(ഈ ഫോട്ടോ കുമരകത്തെ ക്യുസാറ്റ് കൃഷിഗവേഷണകേന്ദ്രത്തില്‍ നിന്നെടുത്തത്. ക്ലിക്ക് ചെയ്തു കഴിഞ്ഞപ്പോള്‍ സെക്യൂരി ഗാര്‍ഡ് വന്ന് "ഇവിടെ പടമൊന്നും എടുത്തുകൂടാ" എന്നു പറഞ്ഞ് എന്നെ ഓടിച്ചു)

അഗ്രിഗേറ്റര്‍ കാണിക്കാത്ത പോസ്റ്റ് കൂമന്‍പള്ളിയില്‍

http://koomanpalli.blogspot.com/2008/06/police-story-5.html

Sunday, June 29, 2008

ആരെടാ വലിയവന്‍?






രംഭയുമുര്‍‌വ്വശിയും നമിക്കും ശചിക്കോ
കണ്ടാല്‍ സൗന്ദര്യമേറുന്നത്
മമ പനയഞ്ചേരി നാരായണിക്കോ

എന്ന മട്ടില്‍ ഒരു ശ്ലോകമില്ലേ ഉമേഷ് ഗുരുക്കളേ?


( വിദ്യ ബ്ലോഗിലിട്ട രണ്ട് പോസ്റ്റുകള്‍


http://vidyaa.blogspot.com/2008/06/blog-post_28.html

&

http://vidyaa.blogspot.com/2008/06/blog-post.html


അഗ്രിഗേറ്ററില്‍ വരുന്നില്ലെന്ന് ബൂലോഗരെ അറിയിക്കാന്‍ ഇട്ട പോസ്റ്റ് ഇത് )

സമര്‍പ്പണം പനി പിടിച്ചു വയ്യാതെ ചുരുണ്ടുകൂടിയിരിക്കുന്ന കലേഷിന്‌

Thursday, February 21, 2008

ചുമ്മ ഫോട്ടം പിടിക്കണ ഒരു അണ്ണന്‍


കൈപ്പള്ളി അണ്ണന്‍ വല്യേ ക്യാമറ കൊണ്ട് എന്നെ പിടിക്കാന്‍ വന്നു. ഞാന്‍ ചെറിയ ക്യാമറ കൊണ്ട് പുള്ളിയെ പിടിച്ചു.

Sunday, January 27, 2008

ഭ്രാന്താശുപത്രിയുടെ ഇംഗ്ലീഷ്



ഫോട്ടോ ഞാനെടുത്തതല്ല. ഇന്ത്യക്കാരനല്ലാത്ത ഒരാളിനോട് ശകലം ഈ-മെയില്‍ ഉണ്ടായപ്പോ ദേണ്ടെടാ നിങ്ങടെ നാട്ടിലെ ഡോക്റ്റന്റെ ബോധം എന്ന മട്ടില്‍ തമാശയ്ക്ക് അയച്ചതാ. നോക്കിയപ്പോ സ്ഥലം കേരളം.

ഈ അണ്ണനു മനശാസ്ത്രത്തി ഡീപ്ലോമയും പിച്ചഡിയും ഉണ്ടെന്ന് ബോര്‍ഡില്‍, ഇത്രേം ഉണ്ടായിട്ടും സൈക്കോ എന്നത് മാന്യമായ വിശേഷണമല്ലെന്നും ആക്ഷേപമാണെന്നും അറിയാത്തതോ അതോ ഭ്രാന്താശുപത്രി എന്നതിന്റെ പദാനുപദ തര്‍ജ്ജിമയാണോ എന്തരോ

ഹോമിയോ മനശ്ശാസ്ത്രഞ്ജനെന്നു ബോര്‍ഡ്, പക്ഷെ ബീ എച്ച് എം എസ്സ്, ഡിയെച്ചെമ്മെസ്സ് ഒന്നും ഉള്ളതായിട്ട് ബോര്‍ഡില്‍ കാണാനുല്ല. സൈക്കോകളേ, നിങ്ങളെ പടച്ചമ്പ്രാന്‍ തുണയ്ക്കട്ടെ.

[കേരളമല്ല സ്ഥലമെങ്കില്‍ എനിക്കു അതിശയമൊന്നും ഈ ബോര്‍ഡ് കണ്ടാലുണ്ടാവില്ലായിരുന്നുത്തിരുപതു വയസ്സുള്ളപ്പോ ഹൈദരാബാദിലൊരു ബാറില്‍ ഒറ്റയ്ക്കിരുന്നു പൊന്മാന്‍ കഷായം നുണയുകയായിരുന്നു ഒരുത്തന്‍ വടവി വന്നു.

ഐ സീ യൂ ആര്‍ എലോണ്‍ ആന്‍ഡ് സാഡ്.
ഞാന്‍ ചുമ്മ ചിരിച്ചു.
ഐ ഗസ്സ് യു ആര്‍ ഇന്‍ പ്രോബ്ലം. ഡോണ്ട് വറി, കണ്‍സള്‍ട്ട് മീ, ഐ വില്‍ സോള്‍വ് ദിസ്. എന്നും പറഞ്ഞ് വിസിറ്റ്ങ്ങ് കാര്‍ഡ് എടുത്തു നീട്ടി- ഡോക്റ്റര്‍ എസ് കേ ഗുപ്ത. ഇമ്പൊട്ടന്റ് സ്പെഷ്യലിസ്റ്റ്. എം ബി ബി എസ്സ്, എഫ് ആര്‍ സി എസ്സ്, കേ പി എസ് സി, കേ എസ് ആര്‍ ടി സി.

നിന്റെ അച്ചനാടാ അസുഖം എന്നു പറയാന്‍ ഓങ്ങിയ ഞാന്‍ ഇമ്പൊട്ടന്റ് സ്പെഷലിസ്റ്റിന്റെ കാര്‍ഡ് കണ്ട് ചിരിച്ചു കൂവിപ്പോയി. അത്രയും നേരം കുടിച്ച കിങ്ങ് ഫിഷര്‍ പാഴ്]

Thursday, October 11, 2007

കലം ബിരിയാണി





ബൂലോഗര്‍ക്കെല്ലാം ഈദുല്‍ ഫിത്തര്‍ ആശംസകള്‍.

ഇത് മല്ലപ്പള്ളിയിലെ മാതാ ഹോട്ടലിലെ കലം ബിരിയാണി. ഒരാള്‍ക്കുള്ള ബിരിയാണി വീതം ഓരോ മണ്‍ കുടത്തില്‍ അടച്ചു പാചകം ചെയ്ത്, കുടത്തോടെ വില്‍ക്കുന്ന രീതിയാണിതിന്റേത്.
ഈ ഫ്ലേവര്‍ ലോക്ക് സം‌വിധാനമാണ്‌ ഇതിന്റെ രുചിയുടെ പ്രത്യേകത എന്ന് ഹോട്ടലുകാര്‍ അവകാശപ്പെടുന്നു, മല്ലപ്പള്ളിക്കാര്‍ അംഗീകരിക്കുന്നു. വാങ്ങുന്നയാള്‍ക്ക് ഘടഭഞ്ജനം നടത്തിയോ കയ്യോ തവിയോ ഇട്ടു കോരിയോ കഴിക്കാം.

വാങ്ങി കൊണ്ടു പോകുന്നവര്‍ സൂക്ഷിക്കണം, കലത്തിനു ചൂടാണ്‌, പോളിത്തീന്‍ കീശയിലിട്ട് തൂക്കിപ്പിടിച്ചു നടന്നു പോയാല്‍ ബിരിയാണിയില്‍ മണ്ണു പറ്റും. ഓട്ടോയില്‍ നിന്നിറങ്ങിയ വഴി ഞാന്‍ പടിക്കല്‍ കൊണ്ട് കുടമുടയ്ക്കാന്‍ പോയി.

സംഭവത്തിനൊരു പ്രത്യേകരുചി ഒക്കെ ഉണ്ടെന്ന് ഞാനും സാക്ഷ്യപ്പെടുത്തുന്നു, പക്ഷേ ഹൈദരാബാദ് ബിരിയാണിയാണ്‌ ഏറ്റവും ഇഷ്ടം എന്ന എന്റെ അഭിപ്രായം മാറ്റാന്‍ ഈ കലധാരിക്കും കഴിഞ്ഞില്ല.

Thursday, August 16, 2007

എക്സ്പീരിയന്‍സിനു ട്യൂഷന്‍ വേണോ?


കഴിവോ കുടുംബത്തു കാശോ ഉണ്ടേല്‍ ആര്‍ക്കും ബിരുദവും അതിന്റെ അനന്തിരവുമൊക്കെ എടുക്കാം. പക്ഷേ അതുകഴിഞ്ഞ് ജോലി അന്വേഷിച്ചിറങ്ങുമ്പോളാണു പുലിവാല്‌. എക്സ്പീരിയന്‍സ് വേണം. എല്ലാവരും ഇങ്ങനെ എക്സ്പീര്യന്‍സ് ഉള്ളവരെ മാത്രം എടുത്താല്‍ നമ്മളെന്തു ചെയ്യും? എക്സ്പീരിയന്‍സ് എവിടെ നിന്നും കിട്ടും? സോപ്പുകമ്പനിക്കാര്‍ പറയുമ്പോലെ വിഷമിക്കേണ്ടാ, അതെല്ലാം മറന്നേക്കൂ.

ഇതാ ഒരു എക്സ്പീരിയന്‍സ് ടീച്ചര്‍. ഒന്നാം ക്ലാസ്സു മുതല്‍ പത്താം ക്ലാസ്സുവരെയുള്ള കുട്ടികളെ എക്സ്പീരിയന്‍സ് പഠിപ്പിക്കുന്ന ഏക ടീച്ചര്‍. പത്തുക്ലാസ്സ് പഠിച്ചിറങ്ങുമ്പോള്‍ പത്തുവര്‍ഷം എക്സ്പീരിയന്‍സുമായി.
(ആ അവൈലബിള്‍ "ബൈയും" ടീച്ചര്‍ "ഫ്രം" ഗ്രേഡ് 1 റ്റു ഗ്രേഡ് 10 ഉം വിട്ടേക്കൂ ഈ ടീച്ചര്‍ നിങ്ങളെ റെന്‍ ആന്‍ഡ് മാര്‍ട്ടിന്‍ ഹൈസ്കൂള്‍ ഗ്രാമര്‍ പഠിപ്പിക്കുന്നൊന്നുമില്ലല്ലോ. എക്സ്പീരിയന്‍സ് അല്ലേ പഠിപ്പിക്കുന്നത്)

ഭാര്യാ ഭര്‍തൃ ജോലി ഒഴിച്ച് ബാക്കി സകലതിനും എക്സ്പീരിയന്‍സ് വേണം . ഇന്നു തന്നെ വിളിക്കൂ, എക്സ്പീരിയന്‍സ് നേടൂ.

Saturday, June 30, 2007

ഫോറസ്റ്റുമഴ




നാട്ടില്‍ നിന്നൊരു മഴ കൊണ്ടു വരാന്‍ അംബി പറഞ്ഞിരുന്നു. ദാണ്ടേ കുമരകം മഴ. തുമ്പിക്കൈ വ്യാസമുള്ള മഴത്തുള്ളി. രാത്രിയോളം ഇരുണ്ട ലൈറ്റ് അപ്പ്. വെള്ളച്ചാട്ടത്തിന്റെ സൗണ്ട് എഫക്റ്റ്. മായമയം- അതായത് മയയോട് മയ!

Thursday, June 07, 2007

പത്തല്ല പതിനായിരമല്ല


എണ്ണാമെങ്കില്‍ എണ്ണിക്കോ, നാളെ കള്ളം പറയരുതേ!

Friday, June 01, 2007

മക്കളേ, മടങ്ങി വരൂ




മക്കളേ, “ ഞാന്‍ തിരിച്ചു വരുമ്പോള്‍ ബുക്കേതെങ്കിലും കണ്ടില്ലെങ്കില്‍- അതിന്റെ പേരില്‍ ചൊല്ല് ഉണ്ടാവില്ല, തല്ലും ഉണ്ടാവില്ല, പക്ഷേ കൊല്ല് ഉണ്ടാവും“ എന്നു പറഞ്ഞിട്ടാണ് നിങ്ങളുടെ അമ്മ നാട്ടില്‍ പോയത്. ( എനിക്കെതിരേ പ്രയോഗിക്കപ്പെട്ടത് ഞാന്‍ കോപ്പിറൈറ്റ് എടുത്ത പ്രയോഗം... ഹും)

എന്നിട്ടും ഞാന്‍ നിങ്ങളില്‍ ചിലരെ കറങ്ങാന്‍ പുറത്തു വിട്ടിട്ടുണ്ട്(അച്ഛന്മാര്‍ പൊതുവേ സ്വാതന്ത്ര്യം കൂടുതല്‍ തരുന്നവരാ, സ്നേഹം കൂടുതല്‍ ഇങ്ങോട്ട് പോരട്ട്, ഒരു സോപ്പ്). അമ്മ തിരിച്ചു വരാറായി, അതുകൊണ്ട് ഇന്നേയ്ക്ക് ഏഴു നാളുകള്‍ക്കകം കറങ്ങാന്‍ പുറത്തു പോയിരിക്കുന്നവര്‍ എല്ലാം തിരിച്ചെത്തിക്കൊള്ളണം.

പോകുമ്പോള്‍ എയര്‍പോര്‍ട്ടില്‍ വച്ച് നിങ്ങടമ്മ “ഞാന്‍ ഒരു വാള് അവിടെ വച്ചിട്ടുണ്ട്, ഓര്‍ത്തോ” എന്നു പറഞ്ഞത് , ഗര്‍ഭിണികള്‍ സാധാരണ വാളുവയ്ക്കാറുണ്ട്, അതിനിപ്പോ പറയാനെന്താ എന്നേ കരുതിയുള്ളു. ഇതാണ് സംഭവം എന്ന് വീട്ടിലെത്തിയപ്പോഴാ അറിഞ്ഞത് . അച്ഛനെ കൊല്ലിച്ചവന്‍ എന്ന ചീത്തപ്പേരു കേള്‍പ്പിക്കാതെ വേഗം വരീന്‍. ഇന്‍ ഹൌസ് ഉണ്ണിയാര്‍ച്ചക്ക് തല്‍ക്കാലം ഇവിടെ വേക്കന്‍സി ഇല്ല.

അച്ഛന്‍ പുകവലിക്കരുതെന്നോ കള്ളു കുടിക്കരുതെന്നോ ചിന്ന വീട് വയ്ക്കരുതെന്നോ എന്തിനു ബ്ലോഗില്‍ കയറി വളിച്ച പോസ്റ്റുകള്‍ ഇടരുതെന്നു പോലും അമ്മ പറഞ്ഞിട്ടില്ല. ആകെ ആവശ്യപ്പെട്ടത് നിങ്ങളെ കളയരുതെന്നു മാത്രമാണ്. കാരണവും അറിയാമല്ലോ, മുപ്പതു വര്‍ഷം (ഇല്ല ആദ്യത്തെ അഞ്ച് മൈനസ്)കിത്താബു വാങ്ങിയിട്ടും ഒരെണ്ണം പോലും അതില്‍ എന്റെ കയ്യില്‍ ഇന്നില്ലാത്തതുകൊണ്ടാണ്. പുറത്തു കറങ്ങുന്നവര്‍ എത്രയും വേഗം വരൂ.

(ഫോട്ടോ രേഷ്മ ഇടാന്‍ പറഞ്ഞതുകൊണ്ട് അവര്‍ക്കു തന്നെ സമര്‍പ്പിച്ചു. എന്റെ ടെലി ഫോട്ടോ ലെന്‍സും ക്യാനണ്‍ റെബലും സ്വപ്നത്തിലും, സോണി സൈബര്‍ഷോട്ട് നാട്ടിലും ആയി പോയതുകൊണ്ട് ഹാന്‍ഡിക്യാമിന്റെ സ്റ്റില്‍ മെമ്മറിയില്‍ എടുത്തതാണ്. ക്വാളിറ്റി ബഹുത്ത് മോശം ഹേ)

Tuesday, May 29, 2007

Friday, May 11, 2007

പച്ചാനയ്ക്കും പെരിങ്ങോടനും പട്ടേരിക്കും കലേഷിനും...



ഇന്നു പച്ചാനയുടെയും പെരിങ്ങോടന്റെയും പട്ടേരിയുടെയും ജന്മദിനം. മൂവര്‍ക്കും ആശംസകള്‍! ശശിയേട്ടനു‍(കൈതമുള്ള്)വൈകിയ പിറന്നാളാശംസകള്‍, പൂച്ചക്കുട്ടിക്ക് അഡ്വാന്‍സ് ആശംസകള്‍.

കലേഷിനും റീമക്കും ഒന്നാം വിവാഹവാര്‍ഷികാശംസകള്‍!

Monday, May 07, 2007

തുളസി




തുളസി എന്നു ആലോചിക്കുമ്പോള്‍ ആര്‍ട്ടിസ്റ്റ് ടി. കലാധരനെ പോലെ താടിയുള്ള ഒരു സഞ്ചിമൃഗമായിരുന്നു മനസ്സില്‍ അതുകൊണ്ട് തുളസിയെ നേരിട്ടു കണ്ടപ്പോ ഡിസില്യൂഷനായി. മൂന്നു ദിവസം ഉറക്കമൊഴിച്ചശേഷമുള്ള യാത്രയിലാണു തുളസിയെക്കണ്ടത്. ഒന്നും അങ്ങനെ ചോദിച്ചുമില്ല, പറഞ്ഞുമില്ല. എന്തരോ ആട്ട്, ദാ ലതാണു തുളസി

Tuesday, May 01, 2007

കരീം മാഷിനും സുല്ലിനും തറവാടിക്കും





കരീം മാഷിനും സുല്ലിനും തറവാടിക്കും പിറന്നാള്‍ ആശംസകള്‍!
നല്ല നാഗര്‍കോവില്‍ നാടാര്‍ സദ്യ ഒരുക്കിയിട്ടുണ്ട്‌, ഇന്ന് ഇവിടായിക്കോട്ടെ ഭക്ഷണം.

[ചിത്രം ഞാനെടുത്തതല്ല, പ്രസിദ്ധീകരണാവകാശം മാത്രമേ എനിക്കുള്ളു]

Saturday, April 21, 2007

അധോലോകത്തില്‍ നിന്നും പുറത്തേക്കു വന്നവര്‍


ഇവിടെല്ലാരും വിളവെടുപ്പു നടത്തുന്നു, ഞാന്‍ പങ്കെടുത്തില്ലെന്നു വേണ്ട . ദാണ്ടെ അഞ്ചാറു ചേന, കാച്ചില്‍, നനകിഴങ്ങ്.