Friday, June 01, 2007

മക്കളേ, മടങ്ങി വരൂ
മക്കളേ, “ ഞാന്‍ തിരിച്ചു വരുമ്പോള്‍ ബുക്കേതെങ്കിലും കണ്ടില്ലെങ്കില്‍- അതിന്റെ പേരില്‍ ചൊല്ല് ഉണ്ടാവില്ല, തല്ലും ഉണ്ടാവില്ല, പക്ഷേ കൊല്ല് ഉണ്ടാവും“ എന്നു പറഞ്ഞിട്ടാണ് നിങ്ങളുടെ അമ്മ നാട്ടില്‍ പോയത്. ( എനിക്കെതിരേ പ്രയോഗിക്കപ്പെട്ടത് ഞാന്‍ കോപ്പിറൈറ്റ് എടുത്ത പ്രയോഗം... ഹും)

എന്നിട്ടും ഞാന്‍ നിങ്ങളില്‍ ചിലരെ കറങ്ങാന്‍ പുറത്തു വിട്ടിട്ടുണ്ട്(അച്ഛന്മാര്‍ പൊതുവേ സ്വാതന്ത്ര്യം കൂടുതല്‍ തരുന്നവരാ, സ്നേഹം കൂടുതല്‍ ഇങ്ങോട്ട് പോരട്ട്, ഒരു സോപ്പ്). അമ്മ തിരിച്ചു വരാറായി, അതുകൊണ്ട് ഇന്നേയ്ക്ക് ഏഴു നാളുകള്‍ക്കകം കറങ്ങാന്‍ പുറത്തു പോയിരിക്കുന്നവര്‍ എല്ലാം തിരിച്ചെത്തിക്കൊള്ളണം.

പോകുമ്പോള്‍ എയര്‍പോര്‍ട്ടില്‍ വച്ച് നിങ്ങടമ്മ “ഞാന്‍ ഒരു വാള് അവിടെ വച്ചിട്ടുണ്ട്, ഓര്‍ത്തോ” എന്നു പറഞ്ഞത് , ഗര്‍ഭിണികള്‍ സാധാരണ വാളുവയ്ക്കാറുണ്ട്, അതിനിപ്പോ പറയാനെന്താ എന്നേ കരുതിയുള്ളു. ഇതാണ് സംഭവം എന്ന് വീട്ടിലെത്തിയപ്പോഴാ അറിഞ്ഞത് . അച്ഛനെ കൊല്ലിച്ചവന്‍ എന്ന ചീത്തപ്പേരു കേള്‍പ്പിക്കാതെ വേഗം വരീന്‍. ഇന്‍ ഹൌസ് ഉണ്ണിയാര്‍ച്ചക്ക് തല്‍ക്കാലം ഇവിടെ വേക്കന്‍സി ഇല്ല.

അച്ഛന്‍ പുകവലിക്കരുതെന്നോ കള്ളു കുടിക്കരുതെന്നോ ചിന്ന വീട് വയ്ക്കരുതെന്നോ എന്തിനു ബ്ലോഗില്‍ കയറി വളിച്ച പോസ്റ്റുകള്‍ ഇടരുതെന്നു പോലും അമ്മ പറഞ്ഞിട്ടില്ല. ആകെ ആവശ്യപ്പെട്ടത് നിങ്ങളെ കളയരുതെന്നു മാത്രമാണ്. കാരണവും അറിയാമല്ലോ, മുപ്പതു വര്‍ഷം (ഇല്ല ആദ്യത്തെ അഞ്ച് മൈനസ്)കിത്താബു വാങ്ങിയിട്ടും ഒരെണ്ണം പോലും അതില്‍ എന്റെ കയ്യില്‍ ഇന്നില്ലാത്തതുകൊണ്ടാണ്. പുറത്തു കറങ്ങുന്നവര്‍ എത്രയും വേഗം വരൂ.

(ഫോട്ടോ രേഷ്മ ഇടാന്‍ പറഞ്ഞതുകൊണ്ട് അവര്‍ക്കു തന്നെ സമര്‍പ്പിച്ചു. എന്റെ ടെലി ഫോട്ടോ ലെന്‍സും ക്യാനണ്‍ റെബലും സ്വപ്നത്തിലും, സോണി സൈബര്‍ഷോട്ട് നാട്ടിലും ആയി പോയതുകൊണ്ട് ഹാന്‍ഡിക്യാമിന്റെ സ്റ്റില്‍ മെമ്മറിയില്‍ എടുത്തതാണ്. ക്വാളിറ്റി ബഹുത്ത് മോശം ഹേ)

19 comments:

ദേവന്‍ said...

അച്ഛന്‍ പുകവലിക്കരുതെന്നോ കള്ളു കുടിക്കരുതെന്നോ ചിന്ന വീട് വയ്ക്കരുതെന്നോ എന്തിനു ബ്ലോഗില്‍ കയറി വളിച്ച പോസ്റ്റുകള്‍ ഇടരുതെന്നു പോലും അമ്മ പറഞ്ഞിട്ടില്ല. ആകെ ആവശ്യപ്പെട്ടത് നിങ്ങളെ കളയരുതെന്നു മാത്രമാണ്. കാരണവും അറിയാമല്ലോ?

മൂര്‍ത്തി said...

:)

Dinkan-ഡിങ്കന്‍ said...

കൊള്ളാം :)

പിന്നെ ആ വാള്‍ കാണാനില്ലെന്ന് പറഞ്ഞ് ആരോ കറങ്ങി നടക്കുന്നുണ്ടാരുന്നു. ഡെമോക്ലീസെന്നോ മറ്റോ പേര്. ഇനി സാന്‍ഡോയുടെ വാള് മത്യാണാവോ?

സത്യായിട്ടും ആ വാള്‍ എവിടുന്നാ? ഇത്തരം ആയുധങ്ങള്‍ കൈവശം വെയ്ക്കണത് കുറ്റകരമല്ലേ

ദൈവമേ ഇതിലും മുട്ടന്‍ ഒഫ് ദേവണ്‍നന്‍ സഹിക്കില്ല

ശതാങ്കത്തില്‍ നിന്നും കൊലവിളിച്ചു
രഥാങ്കങ്ങള്‍ നെഞ്ചിലെ നീരെടുത്തു
കണ്ഠങ്ങള്‍ വെട്ടി കബന്ധങ്ങള്‍ വെട്ടി
കണ്ണിര്‍ക്കണങ്ങളെ മാറൊടടക്കി
കരളിന്റെ നൊമ്പരം കനിവിന്റെ തേന്‍‌കണം
സഹജീവിയെന്നൊര സഹന സമര്‍പ്പം“

സമര്‍പ്പണം ആ വാളിന്...

Inji Pennu said...

ഒഹ്, അല്ലെങ്കില്‍ ആ ലെന്‍സ് ഒക്കെ ഉണ്ടായിരുന്നെങ്കില്‍ ഭയങ്കര ഫോട്ടോസ് ആയിരുന്നെനെ എന്ന്? ഒ, സമ്മതിച്ച് സമ്മതിച്ച്!

മൂര്‍ത്തി said...

ആ വാളു കെട്ടിത്തൂക്കിയിട്ടിരുന്നത് ഒരു മുടിനാരിലല്ലേ? അതാരുടെ മുടിനാരായിരുന്നുവെന്നതിനു വല്ല നിശ്ചയവും ഉണ്ടോ? :):)

kaithamullu : കൈതമുള്ള് said...

ദേവാ,
ആരെ ഉദ്ദേശിച്ചാണീ എഴുത്തെന്ന് അതിന് ഉത്തരവാദികളായവര്‍ മനസ്സിലാക്കുമോ?

എന്റെ കൈയില്‍ നിന്നും വായിക്കാനായി പുസ്തകം വാങ്ങിയ ആ‍രും ഇതുവരെ അവ തിരിച്ചു തന്ന ചരിത്രമില്ല. പലവട്ടം ചോദിച്ച് മടുക്കുമ്പോള്‍ ആ രസകരമായ സത്യം അവര്‍ പറയും: അതവരുടെ കൈവശവും ഇല്ലത്രേ!

തൂലിക, ഗ്രന്ഥം, വാഹനം, കളത്രം ഇവ ഒരിക്കലും ആര്‍ക്കും ..........(കാര്‍ണോന്‍‌മാര്‍ പറഞ്ഞു കേട്ടതാണേ....)

വല്യമ്മായി said...

കുട്ട്യോളൊന്നും ഇങ്ങോട്ട് വന്നിട്ടില്ലാട്ടോ :)

പൊതുവാള് said...

ദേവേട്ടാ:)

കുട്ട്യോളെയൊന്നും ഞാനെങ്ങും കണ്ടില്ല.

എങ്കിലും വിളിക്കാന്‍ ഞാനും കൂടാം,കാരണം കൈതമുള്ളു പറഞ്ഞതു തന്നെയാണ് എന്റെയും അനുഭവം.

അതു കൊണ്ട് കുട്ടികളേ ..നിങ്ങളൊക്കെ ആരുടെയെങ്കിലും കൈവിരലുകളില്‍ തൂങ്ങി ഇവിടൊക്കെ കറങ്ങി നടക്കുന്നുണ്ടെങ്കില്‍ ഉടന്‍ മടങ്ങിപ്പോകൂ...,‘അച്ഛനെ കൊല്ലിച്ചവര്‍ എന്ന ചീത്തപ്പേരു കേള്‍പ്പിക്കാതെ വേഗം തന്നെ നിങ്ങളുടെ കൈ പിടിച്ച് കറങ്ങിനടക്കുന്നവര്‍ക്കു മുന്‍പില്‍ ചിണുങ്ങിക്കരയുവിന്‍ “നിച്ചിപ്പോന്റച്ചനെക്കാണണം...ങീ...ങീ.....”എന്ന്.

ഇടങ്ങള്‍|idangal said...

:(

ദില്‍ബാസുരന്‍ said...

കഴിഞ്ഞതവണ ഞാന്‍ ദേവേട്ടന്റെ വീട്ടില്‍ വന്നപ്പോള്‍ ഒരു കുട്ടിയെ കിഡ്നാപ്പ് ചെയ്യാന്‍ ശ്രമിച്ചു എന്നാരോപിച്ച് ഒരു കുട്ടിയെ ദേവേട്ടന്‍ എന്റെ കൈയ്യില്‍ നിന്ന് ബലമായി അടര്‍ത്തിമാറ്റിയതോര്‍മ്മയുണ്ടോ? തല്‍ക്കാലം കുട്ടികള്‍ ഇവിടെയില്ല. ഞാന്‍ അടുത്തതവണ ഒരു ചാക്കുമായാണ് വരാന്‍ പോകുന്നത്. ജാഗ്രതൈ!

daly said...

ദേ ഓരൊരുത്തരായി വന്ന് തുടങ്ങിയല്ലോ. അമ്മേ പേടീണ്ട്.
കൈതമുള്ള് പറഞ്ഞതെത്ര ശരി. കളത്രം മാത്രമേ എന്റെ കാര്യത്തില്‍ അനുഭവത്തില്‍ ഗുരുവിലാതെ ലഘുവായി കിടക്കുന്നുള്ളൂ..

Reshma said...

കുട്ട്യോളെ കിട്ടീല്ലെങ്കില്‍ ‘ഗ്യുന്തര്‍ ഗ്രസ്സിന്റെ ഫ്ലൌണ്ടറില്‍ ആദംസ്‌ ആപ്പിളിന്റെ നേര്‍ക്കു കുതിക്കുന്ന പൂച്ചയെപ്പോലെ ഒരു വിഫല ശ്രമത്തിനോ കമ്യുവിന്റെ പേരോര്‍ക്കാത്ത ചെറുകഥയില്‍ വൈദ്യുത വേലിക്കപ്പുറത്തെ കാമിനിയെ മോഹിച്ച്‌ അറിഞ്ഞുകൊണ്ട്‌ പ്രാണനൊടുക്കുന്ന ചുണ്ടെലിയെപ്പോലെയോ ഞാന്‍ ഉദ്യമിക്കുന്നു‘ പോലൊന്നൂടെ മനപ്പാഠാക്കി വെച്ചോ:D

വിശ്വപ്രഭ said...

എന്റെ കയ്യില്‍ ഒരൊറ്റ എണ്ണമേ ഉള്ളൂ.
അതിനെ ഞാന്‍ പൊന്നുപോലെ ലാളിച്ചുവളര്‍ത്തിക്കോളാം ദേവാ...

പകരം വേണമെങ്കില്‍ ഞാന്‍ അച്ഛനും മക്കളും കൂടി ഇരിക്കുന്ന കുറേ ഫോട്ടോകള്‍ അയച്ചുതരാം.

ശ്രീ said...

ദേവേട്ടാ... പോസ്റ്റ് കൊള്ളാം...

മക്കളെ തിരിച്ചു കിട്ടിത്തുടങ്ങിയോ...?

[അല്ല,എന്താ അവിടൊരു വാള്‍‌?]

ആഷ | Asha said...

ഹ ഹ
മക്കള്‍ തിരിച്ചെത്തുമെന്നു എനിക്കു തോന്നുന്നില്ല.
അച്ഛന്‍ മക്കള്‍ ഒളിച്ചിരിക്കുന്നിടത്തു നിന്നും ചെവിക്കു പിടിച്ചു കൊണ്ടു വരികയേ നിവ്യത്തിയുള്ളൂ.

ചില നേരത്ത്.. said...

ഒരു കുട്ടിയെ ഞാനെത്തിക്കാം ഈയാഴ്ചയിലൊരു ദിവസം :)

കുട്ടിച്ചാത്തന്‍ said...

ചാത്തനേറ്:

ഈ പിള്ളാരെപിടുത്തക്കാരെക്കൊണ്ട് വഴിനടക്കാന്‍ മേലാന്നായി അല്ലേ?

പിള്ളാരെ പുറത്തുവിടൂല വേണെല്‍ മുറീലിരുന്നു കൂടെക്കളിച്ചോളാ‍ന്‍ പറഞ്ഞാ മതി...

പുറത്ത് പോയി കൈയ്യും കാലും ഒടിച്ചോണ്ട് വരുന്ന പിള്ളാരെക്കാണുമ്പോളാ ഒരു സങ്കടം

അതുല്യ said...

ജ്ഞാനപഴത്തെ പിഴുന്ത്...
തത്തുവം എന്ന ചൊല്ലുവായ്..

(ദേവ്വൊയ്.. സിഡ്നി .. ഹോട്ടല്‍ മുറി... മറവി....)
വേറേം ചില അമ്മമ്മാരു കരയുന്നുണ്ടിവിടേ.. ചൊല്ലും തല്ലും കൊല്ലയുമൊന്നുമുണ്ടാവില്ല്യേ.. നേരിട്ട് എക്സ്റ്റോര്‍ഷന്‍...

ദേവന്‍ said...

മക്കളെത്തപ്പിയിറങ്ങിയ ഈ പാവം അച്ഛനു പിന്തുണ പ്രഖ്യാപിച്ചവര്‍ക്കെല്ലാം നന്ദിനി.

ഡിങ്കാ, ശ്രീ,
മെഡല്‍ കൊടുക്കുമ്പോലെ വാള്‍ സമ്മാനിക്കുന്ന ഒരു ട്രഡിഷന്‍ ഉണ്ടു ഈ നാട്ടില്‍. എന്റെ ട്രെയിനിപ്പിള്ളേര്‍ തന്ന (പല വാളുകളില്‍ ഒന്നാണിത്) . എന്റെ കത്തിയോട് പയ്യന്മാര്‍ സിംബോളിക്കായി പ്രതികരിച്ചതാണെന്ന് ഒരു അപവാദവും ഉണ്ട്.

ഇഞ്ചീ, എന്റെ ഡി എസ് എല്‍ ആര്‍ ക്യാമറ ഒന്നു എത്തിക്കോട്ട്, അപ്പോ കാണാം.

മൂര്‍ത്തീ, ആ വാളു തൂക്കിയിരിക്കുന്നത് നല്ല ചെയിനിലാണ്, ചെയിന്‍ മുടി ഉള്ള ഒരുത്തിയേയും ഞാന്‍ ഇതുവരെ കണ്ടിട്ടില്ല!

ശശിയേട്ടാ, ആഷേ, ഡാലി, കുട്ടിച്ചാത്താ,
പരഹസ്തം ഗതം ഗതം എന്നതൊക്കെ പഴമൊഴിയല്ല, പാഴു മൊഴിയാ.. ആമീന്‍ ജപ്തിക്കടലാസ് ഒട്ടിക്കുമ്പോലെ ആണ് ഞാന്‍ ഇത് ഇവിടെ പതിച്ചത്. കുറച്ചെണ്ണം തിരിച്ചെത്തിയിട്ടുണ്ട്, കുറച്ച് തിരിച്ചിട്ടുണ്ട് ട്രാന്‍സിറ്റില്‍. ബാക്കിയെന്തെങ്കിലും വന്നാല്‍ ഞാന്‍ വീടു കേറി റെയ്ഡ് തുടങ്ങും ഇപ്പോ.

ഇബ്രൂ, റൈറ്റ്!
അബ്ദൂ, ആ വീഡിയോ കാണാന്‍ പറ്റിയില്ല (എന്റെ കുഴപ്പമാണോ എന്തോ)

വല്യമ്മായീ, ദില്‍ബൂ,
ഇല്ല, ഇല്ല. അവിടില്ല.
വിശ്വം മാഷിനു ദത്തു തന്ന പയ്യനല്ലേ ലവന്‍. അവിടെത്തന്നെ വളര്‍ത്തിക്കോ.


രേഷ്മേ,
എന്തു വിഷന്‍ ആണപ്പാ? സൂപ്പര്‍മാന്റെ എക്സ്രേ കണ്ണോ? ഈ പടം ഞാനെടുത്തു തിരിച്ചും മറിച്ചും നോക്കിയിട്ടും ഫ്ലൌണ്ടറും ക‌‌മ്യുവിന്റെ ചെറുകഥയും എനിക്കു ലൊക്കേറ്റ് ചെയ്യാന്‍ പറ്റിയില്ലല്ലോ! കണ്ണു ടെസ്റ്റ് ചെയ്യാറായോ? (വാറ്റൊന്നും കോളേജിന്നു ഇറങ്ങിയേ പിന്നെ ഞാന്‍ അടിച്ചിട്ടില്ലല്ലോ, കണ്ണു പോകാന്‍...)

അതുല്യാമ്മോ
പണ്ടാരം....
ആയി നിന്ത് പഴനിയാണ്ടി ആഹി
ദണ്ഡായുധം ധരിച്ച ദേവാ... തിരിച്ചെത്തും.. എത്തും, എത്തിക്കും.