Saturday, December 30, 2006

സിദ്ധാര്‍ത്ഥന്‍


സിദ്ധാര്‍ത്ഥനെ ബൂലോഗയുഗത്തിനും മുന്നേ മലയാളവേദി ഫോറമെഴുത്തുകാലത്ത്‌ ഞാന്‍ പരിചയപ്പെട്ടു. എങ്കിലും ഏറെക്കാലം കഴിഞ്ഞാണ്‌ എന്റെ അയല്‍വാസിയാണെന്ന് മനസ്സിലായത്‌.

ഫോറത്തില്‍ ആക്റ്റീവ്‌ ആയിരുന്ന സിദ്ധാര്‍ത്ഥന്‍ എങ്ങനെയോ മടിയനായ ബൂലോഗവാസിയായി. നിലപാട്‌, ചിത്രങ്ങള്‍ എന്നീ ബ്ലോഗ്ഗുകളില്‍ വളരെക്കുറച്ച്‌ പോസ്റ്റുകളേ കാണാനുള്ളു. വായനക്കിടയില്‍ എന്ന ബ്ലോഗ്‌ മാത്രമാണ്‌ ഇടക്കെങ്കിലും അനങ്ങുന്നത്‌.

അനാലിറ്റിക്കല്‍ റിവ്യൂ ചെയ്യാനുള്ള അസാമാന്യ കെല്‍പ്പാണ് സിദ്ധന്റെ സിദ്ധിയായി എനിക്കു തോന്നിയിട്ടുള്ളത്‌. തകര്‍പ്പന്‍ സാഹിത്യ നിരൂപണങ്ങളെഴുതാനുള്ള കഴിവു കൈവശമുണ്ട്‌. പറഞ്ഞിട്ടെന്തു കാര്യം, എഴുതണ്ടേ.

അദ്ധ്യാപകന്‍ എന്ന നിലയിലും സിഡ്‌ തിളങ്ങും എന്നെന്റെ അനുമാനം. ബാലസാഹിത്യം എഴുതാനും കൊള്ളാവുന്ന ഒരാള്‍.

പുതിയ സ്വപ്നമായ ശബ്ദതാരാവലി ഓണ്‍ലൈനിന്റെ പണിപ്പുരയിലാണിപ്പോള്‍ ഈ ബ്ലോഗന്‍. ആ പ്രോജക്റ്റില്‍ എനിക്ക്‌ ആകര്‍ഷകമായി തോന്നുന്നത്‌ ഈ ലെക്സിക്കണെ ഒരു തെസാറസ്‌ ആയി വര്‍ത്തിക്കാന്‍ പ്രാപ്തമാക്കിയാല്‍ മുഖ്യധാരാ സാഹിത്യകാരന്മാരും മാധ്യമ പ്രവര്‍ത്തകരും ഉപയോഗിക്കായ്കയാല്‍ മലയാളത്തില്‍ ഇന്നു സര്‍ക്കുലേഷനില്‍ നിന്നും പുറത്തുപോയ പതിനായിരക്കണക്കിനു വാക്കുകള്‍ ഇന്റര്‍നെറ്റിലൂടെ പുനര്‍ജനിക്കാനുള്ള സാദ്ധ്യതയാണ്‌.

സിദ്ധാര്‍ത്ഥനെന്ന സജിത്ത്‌ യൂസഫ്‌ ഷാര്‍ജ്ജയില്‍ ജോലി ചെയ്യുന്നു. താമസം അല്‍ ഖിസൈസ്‌ അല്‍ ദുബായി അല്‍ ജന്നത്ത്‌ ഉള്‍ ഫിര്‍ദൌസില്‍. വിവാഹിതന്‍. കുട്ടികള്‍- ആദ്യത്തെയാള്‍ സ്റ്റോര്‍ക്കിന്റെ ചുണ്ടിലെ തുണിത്തൊട്ടിലില്‍ ഉറങ്ങിക്കൊണ്ട്‌ യാത്ര തിരിച്ചിട്ടുണ്ട്‌.

Thursday, December 28, 2006

കൈപ്പള്ളി



[ബ്ലോഗിനെക്കുറിച്ചല്ല, ബ്ലോഗന്മാരെക്കുറിച്ച്‌ ഒരു സീരിയല്‍ എഴുതാനുള്ള ശ്രമത്തിലാണ്‌. മിക്കവാറും ഞാന്‍ ഇഷ്ടമ്പോലെ വാങ്ങിക്കൂട്ടും! എന്തരോ വരട്ട്‌ ആദ്യത്തെ ഭാഗം ഞാന്‍ ദാ പബ്ലിഷി. ]

നിഷാദ്‌ ഹുസൈന്‍ ലബ്ബ കൈപ്പള്ളി എന്ന ബ്ലോഗറെ വളരെ കുറച്ചു കാലം മാത്രമേ ആയുള്ളു ഞാന്‍ പരിചയപ്പെട്ടിട്ട്‌. വളരെക്കുറച്ചു മാത്രമേ പരിചയപ്പെട്ടുള്ളു എന്നും പറയാം.

കൈപ്പള്ളി എന്ന ഭാഷാസ്നേഹിയെ പെട്ടെന്നു മനസ്സിലാവും. കൈപ്പള്ളി എന്ന ഫൊട്ടോഗ്രാഫറെ അതിലും എളുപ്പം മനസ്സിലാവും. അഞ്ചു മിനുട്ട്‌ ഇടപഴകിയാല്‍ റാസല്‍ ഖോറിലെ ഫ്ലാമിംഗോക്കുഞ്ഞുങ്ങള്‍ "എന്റെ സ്വന്തം മക്കളാ"ണെന്നു പറയുന്ന പക്ഷിസംരക്ഷകനെയും കണ്ടെത്താം.

നിഷാദെന്ന ബിസിനസ്സുകാരനെയും ഗൃഹനാഥനെയും എനിക്കു തീരെ പരിചയമില്ല.

തിരുവനന്തപുരം ആക്സന്റില്‍ (സോറി സ്വരാഘാതം, വക്കാരി വെട്ടല്ലേ, പ്ലീസ്‌)കൊല്ലം ഭാഷ മിക്സ്‌ ചെയ്ത സംസാരം കേട്ടാല്‍ നാട്ടിലൊരാല്‍ത്തറയിലോ ആര്‍ട്ട്സ്‌ ക്ലബ്ബിലോ സായാഹ്നങ്ങള്‍ ചിലവിട്ടില്ലെന്ന് തോന്നുകയേയില്ല. എന്നാല്‍ നമ്മള്‍ അംഗീകരിച്ച അല്ലെങ്കില്‍ ആലോചിക്കേണ്ടതുണ്ടെന്നു കരുതാത്ത പലതിലും കൈപ്പള്ളിക്കു കല്ലുകടിക്കുമ്പോല്‍ മറിച്ചും തോന്നും.
മനസ്സിലാക്കാന്‍ അല്ലെങ്കില്‍ അംഗീകരിക്കാന്‍ പ്രയാസം കൈപ്പള്ളിയെന്ന റെബലിനെയാണ്‌. compare, contrast, append, revise എന്ന രീതിയില്‍ കാര്യങ്ങളെ കാണുന്ന എനിക്ക്‌ കൈപ്പള്ളിയുടെ റിബല്‍ സമീപനങ്ങളിലും നിരീക്ഷണങ്ങളിലും നല്ലൊരു ശതമാനം വിയോജിപ്പാണ്‌. എന്നാല്‍ "കേരള ചരിത്രമെഴുതിയവര്‍ അപ്പടി തെറ്റു പറഞ്ഞിരിക്കുന്നു. വിശ്വാസം പോരാഞ്ഞു ഞാന്‍ UCLA ലൈബ്രറി സൂക്ഷിച്ചിരിക്കുന്ന പുരാതന കപ്പല്‍ ലോഗുകള്‍ പരിശോധിച്ചു ഇന്നത്‌ കണ്ടെത്തി" എന്നു പറയുന്ന കൈപ്പള്ളിയിലെ "ഫയങ്കര നാച്ചുറല്‍" റെബലിനെ അംഗീകരിക്കാതിരിക്കാനാവില്ല.

രത്നച്ചുരുക്കം: കൈപ്പള്ളി ഒരു "ഭയങ്കര" ഉരുപ്പടി തന്നപ്പോ.

Saturday, December 23, 2006

ആശംസകള്‍




2007 ഈ ഭീമന്‍ ഒന്നാം സ്ഥാനത്ത്‌ തുടരുന്ന അവസാനവര്‍ഷം. ഒരു വര്‍ഷം കൂടി കഴിയുന്നതോടെ Burj Dubai ഒന്നാം സ്ഥാനത്തെത്തുന്നു. ഓരോ വര്‍ഷവും മുന്നത്തേതിനെക്കാള്‍ കൂടുതല്‍ മെച്ചപ്പെട്ടതും കൂടുതല്‍ നല്ലതും കൂടുതല്‍ ആനന്ദകരവും കൂടുതല്‍ നന്മ നിറഞ്ഞതും ആകട്ടെ ലോകം.

നാളെ വിദ്യയുടെ പിറന്നാള്‍. പിറന്നാളുകാരിയേയും കൊണ്ട്‌ രാത്രി ദുബായി സെന്റ്‌ മേരീസില്‍ പോയി പിറന്നാളുകാരനെ സന്ദര്‍ശിക്കുന്ന പതിവുണ്ടായിരുന്നു. ഇത്തവണ ഞങ്ങള്‍ രണ്ടും രണ്ടിടത്തായതുകൊണ്ട്‌ പോകാന്‍ തോന്നുന്നില്ല. ഇവിടെയിരുന്ന് എല്ലാവര്‍ക്കും വേണ്ടി പ്രാര്‍ത്ഥിക്കാം. നല്ലതുവരട്ടെ.

ബൂലോഗര്‍ക്കെല്ലാം ക്രിസ്ത്മസ്‌, ഈദ്‌, നവവത്സരാശംസകള്‍!

Monday, November 27, 2006

ദില്‍ബന്‍+മടിപ്പുറം


ഇഞ്ചിപ്പെണ്ണ്‌ ഏവൂരാന്റെ ബ്ലോഗില്‍ ഇട്ട കമന്റ് കണ്ടപ്പോഴാ ഓര്‍ത്തത് ഈ പടത്തിന്റെ കാര്യം. ലാപ്ടോപ്പ് ഇല്ലാത്ത ബ്ലോഗന്റെ പടവും ഓടക്കുഴല്‍ ഇല്ലാത്ത കൃഷ്ണന്റെ പടവും കിട്ടാന്‍ വല്യേ പാടാ.
[ഐഷൂ റായിയെ ആരു പടം എടുത്താലും അത് കലക്കും എന്നു പറഞ്ഞപോലാ ദില്‍ബന്റെ കാര്യം. ഞാന്‍ കലക്കി!]

Wednesday, November 01, 2006

ബുജി


എന്നെ ബുജിയെന്നു വിളിച്ച പരാജിതനു ശിക്ഷയായി ഇതിരിക്കട്ട്‌.
ഒരു ദിവസം വളര്‍ച്ചയേ താടിമീശക്കുള്ളു. ബാക്കിയെല്ലാം ആത്മാര്‍ത്ഥമായി ശ്രമിച്ചിട്ടുണ്ട്‌.
(പടത്തേല്‍ ക്ലിക്കിയാല്‍ ഇതിലും വലുതായി പേടിക്കാം)

Sunday, October 22, 2006

ദീപാവലി- ഈദ്‌ ആശംസകള്‍

Photobucket - Video and Image Hosting
എല്ലാ ബൂലോഗര്‍ക്കും വീട്ടുകാര്‍ക്കും സ്നേഹം നിറഞ്ഞ ദീപാവലി- ഈദ്‌ ആശംസകള്‍.

Friday, October 20, 2006

ആഴിക്കങ്ങേക്കരയുണ്ടോ...


ഏലയ്യാ കുത്തനെ തൂക്കനെ ഏലേലമ്മാ
ഏലയ്യാ നെടുമല കൊടുമല ഏലേലമ്മ.
ആഴിക്കങ്ങേക്കരയുണ്ടോ യാമങ്ങള്‍ക്കൊരു മുടിവുണ്ടോ
അടങ്ങാത്തിരമാല വഴിയേ ചെന്നാലീയല്ലിനു തീരമുണ്ടോ..

എട്ടു പത്തു വയസ്സുള്ളപ്പോല്‍ കണ്ട രംഗമായിരുന്നു അത്‌.ഈയിടെ ദുബായി അബ്രയില്‍ ഈ ഉരു പോകുന്നതു കണ്ടപ്പോള്‍ അതില്‍ ചതിയില്‍ പെട്ട്‌ അടിമയായ പ്രഭു ചാട്ടവാറടിയേറ്റ്‌ തണ്ടു വലിക്കുന്നുണ്ടെന്ന് തോന്നിപ്പോയി. (പടയോട്ടമെന്ന സിനിമ ഒരുമാതിരി നാടകമാണ്‌, കൌണ്ട്‌ ഓഫ്‌ മോണ്ടിക്രിസ്റ്റോ അടിച്ചു മാറ്റി പ്രിയദര്‍ശനെഴുതിയ കഥയാണ്‌ എന്നൊക്കെ ഇന്നറിയാം,പക്ഷേ അന്നത്തെ അതേ പത്തുവയസ്സുകാരനായി ആ രംഗങ്ങള്‍ ഓര്‍ക്കാന്‍ ഒരു ബുദ്ധിമുട്ടുമില്ല ഇന്നും)

ഈ ഉരുവിന്റെ പടം കുമാറിനാണു സമര്‍പ്പിച്ചു. (എന്തിനാണെന്നു പറയുന്നില്ല!)

Sunday, October 08, 2006

മധുലോലുപന്‍


എനിക്കു ഫോട്ടോഗ്രഫി വശമില്ല.
ഇവന്‍ ആരെന്നും എനിക്കറിയില്ല.
എന്റെ പൂച്ചമരത്തില്‍ ഇവന്‍ മധുതേടിയെത്തി.
ഞാന്‍ പകര്‍ത്തി.
ശലഭങ്ങളുടെ സ്നേഹിതന്‍ വിഷ്ണു പ്രസാദിനു സമര്‍പ്പിക്കുന്നു.

Tuesday, September 26, 2006

ഡാലിക്കൊരു കമന്റിടാന്‍




ഡാലിക്കൊരു കമന്റിടാന്‍ കുറച്ചു ഗ്രന്ഥങ്ങള്‍ എടുത്ത് അരച്ചു കലക്കി വച്ചു. ഇനി ഇതെടുത്തു കുടിച്ചു വേണം എഴുത്തു തുടങ്ങാന്‍!

Saturday, September 09, 2006

ബിരിയാണിക്കുട്ടിക്ക്‌ ആശംസകള്‍!




‍വക്കാരിയെപ്പോലെ
സാമ്പാറും കിച്ചടീം ഉണ്ടാക്കാന്‍ നേരം കിട്ടിയില്ല ബിരിയാണി.. ആകെ ഉള്ളത്‌ ച്ചിരേം കടുമാങ്ങായും ഇഞ്ചിക്കറിയുമാ. ന്നാലും.. ഉള്ളത്‌ തൂക്കു കിണ്ണത്തിലാക്കി ഞാനും എത്തി.. ആശംസകള്‍

Monday, June 26, 2006

ക്രൌഞ്ചം ശ്രുതിയിലുണര്‍ത്തും നിസ്വനം


ഇപ്പോസ്റ്റ്‌ ബൂലോഗഗുരുക്കള്‍ ഉമേഷിന്‌ സമര്‍പ്പിതം.പടത്തില്‍ ക്രൌഞ്ചമായി അഭിനയിക്കുന്നത്‌ കുഞ്ഞിക്കുറുമി.

Wednesday, June 21, 2006

മുല്ലപ്പൂവേ


മുല്ലപ്പൂവേ
എന്നോടാദ്യമായിട്ടാ ഒരാളു വണ്ടി വേണമെന്ന് പറഞ്ഞത്‌. എന്റെ കയ്യിലുള്ളതില്‍ വച്ച്‌ ഏറ്റവും നല്ല വണ്ടി ഇതാ മുല്ലപ്പൂവ്‌ പിടിച്ചോ.
(പിറകിലെ ഗ്രീപ്പന്‍ വണ്ടി എടുക്കരുതേ നമ്മുടെയല്ല. സ്വീഡന്‍ കാരോട്‌ കച്ചോടവും ശരിയാവില്ല. ബോഫോഴ്സ്‌ ഓര്‍മ്മയുണ്ടല്ലോ? ഇപ്പോഴും തീര്‍ന്നിട്ടില്ല)

അളവുതൂക്കം:
4300 സി സി വീ 8 എഞ്ജിന്‍
8500 ആര്‍ പി എം
483 ബി എച്ച്‌ പി ശക്തി
6 എഫ്‌ 1 ഗീയര്‍
ഇലക്ട്രില്‍ പേര്‍സണലൈസബിള്‍ ലെതര്‍ ഉള്‍വശം
സ്പീഡ്‌: മണിക്കൂറില്‍ 306 കിലോമീറ്റര്‍ (190 മൈല്‍)
പേര്‌ - ഫെറാറി 430
ഊര്‌- ഇംഗ്ലണ്ട്‌

വിശാലന്‌ അഭിനന്ദനങ്ങള്‍



ഭാഷാഇന്ത്യയുടെ അവാര്‍ഡ്‌ ജേതാവ്‌ ബ്ലോഗരത്നം വിശാലന്‌ ഒരായിരം അഭിനന്ദനങ്ങള്‍!
(ആയിരം പൂ ഒരു ഷോട്ടില്‍ കിട്ടണേല്‍ വല്ല കുരുക്കുത്തിമുല്ലയുമേ പറ്റൂ എന്നതിനാല്‍ ഉള്ളതിന്റെ പരമാവധി പൂക്കള്‍ സെലെക്റ്റ്‌ ചെയ്തപ്പാ)

പ്രവചനാചാര്യര്‍ വിശ്വം മാഷിനും അഭിവാദ്യങ്ങള്‍ . പൂക്കള്‍ പകുതി ആ അക്കൌണ്ടിലും..

Tuesday, June 20, 2006

ശ്രീജിത്തിന്‌ പിറന്നാള്‍ ആശംസകള്‍

Photobucket - Video and Image Hosting
പിറന്നാളായിട്ട്‌ ബ്രേക്ഫാസ്റ്റിനു ദ്രവിച്ച കോഴീം ചപ്പാത്തീം അടിച്ചോ? ഇന്നിനി ലോ ഫാറ്റ്‌ സദ്യ മതി. ദേ ഇതേല്‍ ഒരു സാംബാറും ഫാറ്റ്‌ ഫ്രീ തൈരു കൊണ്ട്‌ ഒരു മോരു കറീം. അടുത്ത പിറന്നാളിന്‌ പ്രോപ്പര്‍ സദ്യ ആകാം.

Friday, June 16, 2006

ബിരിയാണിവാഹകന്‍

ദേ ഇവന്‍ (പടത്തില്‍ ക്ലിക്കിയാല്‍ വലിയ വ്യൂ വരും) ബിരിയാണിക്കുട്ടിയുടെ ഇരുമ്പു കുതിര, ഹാര്‍ലി.

ആയിരത്തി തൊള്ളായിരത്തി മൂന്നില്‍ വിറ്റു തുടങ്ങിയ ഹാര്‍ലി ഡേവിഡ്‌സണ്‍ ഇന്നും ലോകം പ്രിയത്തോടെ നോക്കുന്ന മൊബൈക്ക്‌ ആയി തുടരുന്നു.

ചിത്രത്തില്‍ കാണിച്ചിരിക്കുന്ന 2006 മോഡല്‍ റോഡ്‌ കിംഗ്‌ (എഫ്‌ എല്‍ എച്ച്‌ ഐ) ദീര്‍ഖ ദൂര വിനോദ സഞ്ചാരി വിഭാഗത്തില്‍ പെടുന്നു
1450 CC ട്വിന്‍ എയര്‍ കൂള്‍ഡ്‌ എഞ്ജിന്‍
16 ഇഞ്ച്‌ ചക്കരം ചക്കരം
5 ഗീയര്‍
അഡ്ജസ്റ്റബില്‍ സസ്പെന്‍ഷന്‍
എഴടി നീളം
രണ്ടരയടി സീറ്റ്‌ പൊക്കം
65000 ദിര്‍ഹം (എട്ടുലക്ഷം രൂപായോളം) അതായത്‌ ഒരു നിസ്സാന്‍ മാക്സിമയുടെ വില

എനിക്കും ഇതോടിക്കാന്‍ ആഗ്രഹം ഉണ്ട്‌. എന്തരേലും ചില്ലറ കൊടുത്താല്‍ വാടകക്ക്‌ കിട്ടുകയും ചെയ്യും പക്ഷേ ഈ പഹയന്റെ മോളില്‍ ഇരിക്കാനുള്ള സൈസ്‌ വല്ല ആര്‍ണോള്‍ഡ്‌ ശിവശങ്കരനും അവന്റെ കിങ്കരനും മാത്രമേ കാണുകയുള്ളപ്പാ. നമ്മള്‍ ഇരുന്നാല്‍ വേലിപ്പുറത്ത്‌ ഓന്ത്‌ കയറി ഇരിക്കുമ്പോലെ, ചേമ്പിന്‍ താളില്‍ മരമാക്രി ഇരിക്കുമ്പോലെ ..വര്‍ണ്ണിക്കാന്‍ വാക്കുകല്‍ കിട്ടുന്നില്ല സുഹൃത്തുക്കള്‍..

Wednesday, June 14, 2006

എല്‍ ജിക്ക് - നാലു കെട്ടും തോണിയും


എല്‍ജിക്ക്‌ സമര്‍പ്പിക്കുന്നു ഈ പോസ്റ്റ്‌.

ചിത്രത്തില്‍ കാണുന്നത്‌ വെറും നാലു കെട്ട്‌ അല്ല, പത്തിരുപത്തഞ്ച്‌ കെട്ടുള്ള ചെക്ക്‌ മേറ്റ്‌ ബാര്‍. സുനാമി അടിച്ചപ്പോള്‍ നാലു കെട്ട്‌ ഒഴിച്ച്‌ ബാക്കിയെല്ലാം പൊട്ടിപ്പോയി പാവം മദ്യശാലയുടെ.

തോണി പക്ഷേ കാര്‍ ബ്രോക്കര്‍മാര്‍ പറയും പോലെ ഇന്‍ വീ ജീ സി.

Tuesday, May 30, 2006

ജബെല്‍ ഹഫീത്ത്‌



അലൈനിലെ സുന്ദരിയായ ഈ മലയുടെ താഴ്വാരം സമീഹയുടെ ബ്ലോഗിലുണ്ട്‌ . ആ താഴ്വാരത്തില്‍ നിന്നും ഈ മലയിലേക്കുള്ള ഡ്രൈവ്‌ അതീവരസകരമാണ്‌ (പപ്പുവിന്റെ താമരശ്ശേരിച്ചുരത്തിന്റെയും ചിന്നാര്‍-ആളിയാര്‍ മലമ്പാതയുടെം അത്രയും ഇല്ലെങ്കിലും രസം തന്നെ)

Friday, May 19, 2006

പൃഥുകം


സന്തോഷിന്‌ ജന്മദിനാശംസകള്‍!
സ്നേഹിതന്‌ (ആ പേരുള്ള ബ്ലോഗറെയല്ല, "പൊതുവേ") സ്നേഹത്തോടെ കൊടുക്കാന്‍ "അവിലുമാം പഴവുമാം അവിയലുമാം.." എന്നല്ലേ വാര്യരേട്ട പറഞ്ഞിരിക്കുന്നത്‌ . ഈ അവില്‍പ്പൊതി ഞങ്ങള്‍ സ്നേഹം കൂടുമ്പോ അമ്മയെന്നും പിണങ്ങുമ്പോ പൊട്ടക്കണ്ണിയെന്നും വിളിക്കുന്ന, എന്റെ അയല്‍ക്കാരിയായ മഹിഷാസുരമര്‍ദ്ദിനിയുടെ പ്രസാദം..
സന്തോഷവും സമാധാനവും അനുദിനം വര്‍ദ്ധിക്കട്ടെ..

ഓ ടോ
ഓ ടോ ഇല്ലാതെ പോസ്റ്റാന്‍ വയ്യെന്നായി ഈയിടെ. വഞ്ചിപ്പാട്ടും പാടി ഈ പോസ്റ്റ്‌ അടിക്കുമ്പോള്‍ വിദ്യ പറയുന്നു അവിലു മാം , മലരു മാം, പഴം മാം എന്നൊക്കെ കേള്‍ക്കുമ്പോള്‍ സ്കൂളില്‍ കുട്ടികള്‍ " എന്റെ ഹാപ്പി ബെര്‍ത്ത്‌ ഡേ ഇന്നാണു മാം, ഇതാ കേക്ക്‌ മാം, സ്വീറ്റ്സ്‌ മാം, മുട്ടായി മാം" എന്നൊക്കെ പറയുന്നതുപോലെ തോന്നുന്നെന്ന്

Friday, May 12, 2006

അമ്മുവിന്


അമ്മുവിനു പിറന്നാള്‍ സമ്മാനം.

Wednesday, May 10, 2006

ബൊക്ക


ഈര്‍ക്കിലി ഫ്രെയിമില്‍ ബന്ദിയും ജമന്തിയും കരിമന്തിയും കൂട്ടിക്കെട്ടിയ ഒരു "ബൊക്ക" തരണമെന്നുണ്ടായിരുന്നു. അതില്ലാത്തതുകൊണ്ട്‌ തല്‍ക്കാലം സാദാ "ബൊക്കേ" കൊണ്ട്‌ തൃപ്തിപ്പെടൂ യുവ മിഥുന്‍ ചക്രവര്‍ത്തിമാാരേ.

Friday, May 05, 2006

സലിലിനൊരു മന്ദാരം


മന്ദാരം തേടിയലയുന്ന സലിലിന്‌
(ഒരു ചൊവ്വും ചേലുമില്ലെന്നറിയാം. മന്ദാരം വേറേയില്ല കയ്യില്‍)

Wednesday, April 26, 2006

കണ്ണൂസാശ്രമം





സംശയിക്കണ്ടാ, കണ്വാശ്രമം എന്നെഴുതിയപ്പോ തെറ്റിപ്പോയതല്ല കണ്ണൂസും കൂട്ടുകാരും വെടിപറഞ്ഞിരിക്കുന്ന ആല്‍മരത്തെ ആനയും അമ്പാരിയും മുന്നില്‍ നിര്‍ത്തി എടുത്ത പടമിത്‌. പടത്തിന്റെ ഓണര്‍ തന്റെ വീടിനെ ഫ്രെയിമില്‍ നിന്നും നീക്കരുതെന്ന് പ്രത്യേകം നിര്‍ദ്ദേശിചതനുസരിച്ച്‌ "അനാശ്യാസ കുസുമം" തന്നെ ഇടുന്നു - അനാശാസ്യത്തിനു ക്രെഡിറ്റ്‌ ഗൌതമന്‍ സാറിന്‌

Wednesday, April 12, 2006

വിഷുദിനാശംസകള്‍!



















വക്കാരീ സങ്കടപ്പെടല്ലേ. എന്നാലാവുന്ന സംഭാവന ഞാന്‍ ഇതാ തരുന്നു.. ഇതങ്ങോട്ട് നൂഡിത്സില്‍ ഒഴിച്ച് പപ്പടം കുഴച്ച്...

Saturday, April 08, 2006

അരവിന്നന്‍ കുട്ടിക്ക്

Image hosting by Photobucket
മ്മളേം ഒരു ഫ്യാമിലി ചിത്രം ഇട്ടു അരവിന്നങ്കുട്ടിക്ക് ഡെഡിക്കേഷന്‍

Friday, April 07, 2006

ഇളം തെന്നലിന്

Image hosting by Photobucket

Image hosting by Photobucket

വിഷുവായില്ലല്ലോ, എന്നാലും ആരിഫ്‌ ചോദിച്ചതുകൊണ്ട്‌ കൊന്നപ്പൂ കുറച്ചെണ്ണം മലേഷ്യയില്‍ നിന്നിറക്കുമതി ചെയ്തു (കൊന്നപ്പൂവുണ്ടോ എന്നു ഇന്നു കൂമന്‍പള്ളിയില്‍ വിളിച്ചു ചോദിച്ചപ്പോ കൊന്ന മാത്രമല്ല ഒരു കാട്ടുചെമ്പകവും നിറയെ പൂത്തു നില്‍ക്കുന്നെന്ന് .. പടമെടുക്കാനൊരു വഴീമില്ലാ)

ആര്‍ക്കെങ്കിലും ഗ്രീറ്റിങ്ങ്സ്‌ കാര്‍ഡ്‌ ഉണ്ടാക്കാന്‍ ഉപകരിക്കട്ടേ എന്നു കരുതി ഉണ്ണിക്കണ്ണന്റെ കുന്നിക്കുരു ഉരുളിയില്‍ പൊന്നും പണവും ഇട്ടു ഒരു പടം കൂടി എടുത്തു ഇപ്പോള്‍.. ഈ വിഷുവിനു കുട്ടികള്‍ക്കേ കൈനീട്ടമുള്ളൂ എന്നു വച്ചിരുന്നതാ തെന്നലു ബാലകൃഷ്ണപിള്ളേം ഇനി കുട്ടിയായി കൂട്ടാം

Tuesday, April 04, 2006

വക്കാരീ, ഇഞ്ഞോട്ട്‌ വരീ.

ഉദയസൂര്യന്റെ നാട്ടില്‍ സക്കൂറാ,സക്കൂറാ
എന്നു വിളിക്ച്ചു കൂക്കി നടക്കുന്ന കീറക്കൂറ പിള്ളേരുടെ നടുവില്‍ വക്കാരിയും ഇരുന്നു ബീറു വീശുന്നത്രേ.
Image hosting by Photobucket
ചങ്ങായി, ഇതു ഇന്ത്യന്‍ സക്കൂറാ- ശീമക്കൊന്ന എന്നു പറയും വേലിക്കലൊക്കെ വയ്ക്കുന്ന കാട്ടു ചെടിയാ. ഇതിന്റെ മൂട്ടില്‍ പാത്തിരുന്നു വാറ്റു വീശുന്ന ഒരു ചടങ്ങു നമ്മുടെ നാട്ടിലും ഉണ്ട്‌. കൂടുന്നോ വാറ്റ്‌69 അടിക്കാന്‍? ഹൈലി ഇന്‍ഫ്ലേമബ്ലില്‍ പോട്ടബില്‍ വാട്ടീസുമായി നമുക്കീ ശീമക്കൊന്നയുടെ മൂട്ടില്‍ കൂടാം.. വാ വക്കാരീ

Thursday, March 30, 2006

മദ്യം

Image hosting by Photobucket
വ്യവസ്ഥാപിതമായ ഒരു മദ്യനയമില്ലാത്തതാണ്‌ നമ്മള്‍ മലയാളികളുടെ ഒരു പ്രശ്നമെന്ന്‌ പണ്ട്‌ ആരോ ഇവിടെ പറഞ്ഞതാണ്‌. ഒത്തുകിട്ടിയാല്‍ ഓടയില്‍ വീഴും വരെ കുടിക്കാനാണ്‌ മദ്യപിക്കുന്ന മലയാളിക്ക്‌ ഇഷ്ടം. മദ്യപിക്കാത്തവനോ, വഴിയേപോകുന്നവനെയെല്ലാം കള്ളുകുടിയനെന്നു വിളിച്ചാക്ഷേപിക്കുകയും ചെയ്യും. പകല്‍മാന്യനായി നടന്നിട്ട്‌ രാത്രി തലവഴി മുണ്ടിട്ട്‌ ബാറില്‍കയറിവരുന്നവരേയും ആവോളം കാണാം. മുക്കിനുമുക്കിനു ബാറുള്ള ഹൈദരാബാദിലും തട്ടുകടയില്‍പ്പോലും മദ്യം വില്‍ക്കുന്ന ഗോവയിലും കാണാത്ത ഒരു കാഴ്ച്ച തെക്കന്‍ വടക്കന്‍ ഭേദമില്ലാതെ മഞ്ചേശ്വരം മുതല്‍ പാറശ്ശാല വരെ കാണാം- അടിച്ച്‌ കോണ്‍തിരിഞ്ഞ്‌ കൊളിയായി ഉടുമുണ്ടും അഴിഞ്ഞു ഇഴഞ്ഞു നടക്കുന്ന പാമ്പുകളെ. മദ്യപാനത്തിന്റെ പഞ്ച പ (പകലരുത്‌, പലരരുത്‌, പലതരുത്‌, പതറരുത്‌, പറയരുത്‌) പാലിക്കുന്ന എത്ര മദ്യപാനികള്‍ ഉണ്ടോ ആവോ. മദ്യച്ചുങ്കംകൊണ്ട്‌ നിത്യവൃത്തി കഴിക്കുന്ന ഒരു സര്‍ക്കാര്‍ നമുക്കുണ്ടായിട്ടും ഷാപ്പിലും ബാറിലും അമിത വിലകൊടുത്ത്‌ വാങ്ങുന്ന ചരക്കിന്റെ ഗൂണനിലവാരം ഉറപ്പുവരുത്താന്‍ യാതൊരു സംവിധാനവുമില്ല. ബാറിനെ വിശ്വസിക്കാവുന്ന ഒരു കാലമുണ്ടായിരുന്നത്‌ പണ്ട്‌. സിവില്‍ സപ്പ്ലൈസ്‌ മദ്യദുരന്തം കൂടി നടന്നതോടെ സ്വന്തമായി വാറ്റുകയല്ലാതെ വേറേ നിവര്‍ത്തിയില്ലെന്ന അവസ്ഥയാണ്‌ നമ്മുടെ നാട്ടില്‍. ഡ്രഗ്‌ ഇന്‍സ്പെക്റ്റെറോ ഫൂഡ്‌ ഇന്‍സ്പെക്ടറോ മദ്യം പരിശോധിക്കാന്‍ സംവിധാനമില്ല, പിന്നെ എന്തിനാണ്‌ എക്സൈസ്‌ നികുതി കെട്ടുന്നത്‌ നമ്മള്‍? നോ സര്‍വീസ്‌, നൊ പേമന്റ്‌. നാട്ടില്‍ സര്‍ക്കാര്‍ വിറ്റഴിക്കുന്ന ഒരേ ഒരു ബ്രാന്‍ഡ്‌ വൈന്‍ ആണ്‌ വിന്‍-ഡെ- ഗോവ. 200 രൂപ കൊടുത്താല്‍ ഒരു കുപ്പി കിട്ടുന്ന ഈ സാധനം നമുക്കു ഒട്ടും രുചി വത്യാസമില്ലാതെ, കാലാപ്പാനി ചേര്‍ത്തിട്ടൂണ്ടോ എന്ന ഭയമില്ലാതെ, മുന്തിരിയിലെ ഫ്യൂറിഡാന്‍ കഴുകിക്കളഞ്ഞതാണോ എന്ന ഭയമില്ലാതെ വീട്ടിലുണ്ടാക്കാം. വലിയ ചിലവൊന്നുമില്ലാതെ. ചേരുവകള്‍: മുന്തിരി - വൃത്തിയായി കഴുകി (ചെറുചൂടുള്ള ഉപ്പുവെള്ളത്തില്‍ കഴുകിയാല്‍ മിക്കവാറും കീടനാശിനികള്‍ പോയിക്കിട്ടും) പിഴിഞ്ഞെടുത്ത തനി ജ്യൂസ്‌ - ഒരു ലിറ്റര്‍ പഞ്ചസാര - 350 ഗ്രാം യീസ്റ്റ്‌ -അര ടേബിള്‍ സ്പൂണ്‍ ഒരു പാത്രത്തില്‍ 3 ലിറ്റര്‍ വെള്ളം 70 ഡിഗ്രി ചൂടാക്കുക ( സ്റ്റെറിലൈസ്‌ ചെയ്യാന്‍ വെള്ളം തിളപ്പിച്ചിട്ട്‌ ഈ ചൂടെത്തുംവരെ തണുപ്പിക്കുക) ഈ വെള്ളത്തില്‍ പഞ്ചസാരയും യീസ്റ്റും മുന്തിരിസത്തും നന്നായി ഇളക്കി ചേര്‍ക്കുക. 4 ലിറ്റര്‍ കോട റെഡി. ഇതിനെ ഒരു ഭരണിയില്‍ ഒഴിച്ച്‌ വായ്‌ (സ്വന്തം വായ അല്ല, ഭരണിയുടെ വായ്‌) ഒരു ബലൂണ്‍ കൊണ്ട്‌ മുറുക്കെ അടയ്ക്കുക (ഫെര്‍മെന്റേഷണ്‍ ലോക്ക്‌ എന്ന സാധനം നാട്ടില്‍ വാങ്ങാന്‍ കിട്ടില്ല, ബലൂണ്‍ കെട്ടി ഒരു റബ്ബര്‍ബാന്റ്‌ കൊണ്ട്‌ സംഭവം അങ്ങു മുറുക്കിയാല്‍ മതി) 1-2 മണിക്കൂര്‍ കഴിയുമ്പോള്‍ ബലൂണ്‍ വീര്‍ത്തു തുടങ്ങും . വല്ലാതെ വായു നിറഞ്ഞാന്‍ ഒന്നു തുറന്നിട്ട്‌ വീണ്ടും കെട്ടിയാല്‍ മതി. 3-5 ആഴ്ചകൊണ്ട്‌ ബലൂണ്‍ ചുരുങ്ങും. വൃത്തിയുള്ള ഒരു തുണികൊണ്ട്‌ അരിച്ചെടുത്റ്റാല്‍ ആയിരം രൂപയുടെ വിന്‍-ഡെ-ഗോവ റെഡി. ബ്രാണ്ടി ചേര്‍ക്കാതെ തന്നെ 4% പ്രൂഫ്‌ കിട്ടും. അടിക്കുറിപ്പ്‌: യീസ്റ്റിനുപകരം വെസ്റ്റോ നോര്‍ത്തോ ചേര്‍ക്കരുത്‌.

ഏവര്‍ക്കും സുഖമദ്യപാനം ആശംസിച്ചുകൊണ്ട്‌, വിശ്വസ്ഥന്‍,
(പണ്ടൊരിക്കല്‍ പബ്ലിഷ്‌ ചെയ്തതാണിത്‌, സിബുവിന്റെ വീഞ്ഞുകമ്പം കണ്ടപ്പോള്‍ പൊക്കിയെടുത്തു പുനപ്രകാശനം നടതുന്നു)

Wednesday, March 29, 2006

മണിമലയാറ്`

Image hosting by Photobucket
ഈ വഴിയില്‍ക്കൂടി നടന്നാണ് സിറാജിന്റെ ഓര്‍മ്മകളിലെ മൈനാ‍
പീലിക്കുന്നും കടന്ന് വരയാടുകള്‍ മേയുന്ന രാജമല താണ്ടി കമ്പുപയറ്റു വീരരായ മറയരുടെ ഊരിലേക്കു പോയത്.