Thursday, March 30, 2006

മദ്യം

Image hosting by Photobucket
വ്യവസ്ഥാപിതമായ ഒരു മദ്യനയമില്ലാത്തതാണ്‌ നമ്മള്‍ മലയാളികളുടെ ഒരു പ്രശ്നമെന്ന്‌ പണ്ട്‌ ആരോ ഇവിടെ പറഞ്ഞതാണ്‌. ഒത്തുകിട്ടിയാല്‍ ഓടയില്‍ വീഴും വരെ കുടിക്കാനാണ്‌ മദ്യപിക്കുന്ന മലയാളിക്ക്‌ ഇഷ്ടം. മദ്യപിക്കാത്തവനോ, വഴിയേപോകുന്നവനെയെല്ലാം കള്ളുകുടിയനെന്നു വിളിച്ചാക്ഷേപിക്കുകയും ചെയ്യും. പകല്‍മാന്യനായി നടന്നിട്ട്‌ രാത്രി തലവഴി മുണ്ടിട്ട്‌ ബാറില്‍കയറിവരുന്നവരേയും ആവോളം കാണാം. മുക്കിനുമുക്കിനു ബാറുള്ള ഹൈദരാബാദിലും തട്ടുകടയില്‍പ്പോലും മദ്യം വില്‍ക്കുന്ന ഗോവയിലും കാണാത്ത ഒരു കാഴ്ച്ച തെക്കന്‍ വടക്കന്‍ ഭേദമില്ലാതെ മഞ്ചേശ്വരം മുതല്‍ പാറശ്ശാല വരെ കാണാം- അടിച്ച്‌ കോണ്‍തിരിഞ്ഞ്‌ കൊളിയായി ഉടുമുണ്ടും അഴിഞ്ഞു ഇഴഞ്ഞു നടക്കുന്ന പാമ്പുകളെ. മദ്യപാനത്തിന്റെ പഞ്ച പ (പകലരുത്‌, പലരരുത്‌, പലതരുത്‌, പതറരുത്‌, പറയരുത്‌) പാലിക്കുന്ന എത്ര മദ്യപാനികള്‍ ഉണ്ടോ ആവോ. മദ്യച്ചുങ്കംകൊണ്ട്‌ നിത്യവൃത്തി കഴിക്കുന്ന ഒരു സര്‍ക്കാര്‍ നമുക്കുണ്ടായിട്ടും ഷാപ്പിലും ബാറിലും അമിത വിലകൊടുത്ത്‌ വാങ്ങുന്ന ചരക്കിന്റെ ഗൂണനിലവാരം ഉറപ്പുവരുത്താന്‍ യാതൊരു സംവിധാനവുമില്ല. ബാറിനെ വിശ്വസിക്കാവുന്ന ഒരു കാലമുണ്ടായിരുന്നത്‌ പണ്ട്‌. സിവില്‍ സപ്പ്ലൈസ്‌ മദ്യദുരന്തം കൂടി നടന്നതോടെ സ്വന്തമായി വാറ്റുകയല്ലാതെ വേറേ നിവര്‍ത്തിയില്ലെന്ന അവസ്ഥയാണ്‌ നമ്മുടെ നാട്ടില്‍. ഡ്രഗ്‌ ഇന്‍സ്പെക്റ്റെറോ ഫൂഡ്‌ ഇന്‍സ്പെക്ടറോ മദ്യം പരിശോധിക്കാന്‍ സംവിധാനമില്ല, പിന്നെ എന്തിനാണ്‌ എക്സൈസ്‌ നികുതി കെട്ടുന്നത്‌ നമ്മള്‍? നോ സര്‍വീസ്‌, നൊ പേമന്റ്‌. നാട്ടില്‍ സര്‍ക്കാര്‍ വിറ്റഴിക്കുന്ന ഒരേ ഒരു ബ്രാന്‍ഡ്‌ വൈന്‍ ആണ്‌ വിന്‍-ഡെ- ഗോവ. 200 രൂപ കൊടുത്താല്‍ ഒരു കുപ്പി കിട്ടുന്ന ഈ സാധനം നമുക്കു ഒട്ടും രുചി വത്യാസമില്ലാതെ, കാലാപ്പാനി ചേര്‍ത്തിട്ടൂണ്ടോ എന്ന ഭയമില്ലാതെ, മുന്തിരിയിലെ ഫ്യൂറിഡാന്‍ കഴുകിക്കളഞ്ഞതാണോ എന്ന ഭയമില്ലാതെ വീട്ടിലുണ്ടാക്കാം. വലിയ ചിലവൊന്നുമില്ലാതെ. ചേരുവകള്‍: മുന്തിരി - വൃത്തിയായി കഴുകി (ചെറുചൂടുള്ള ഉപ്പുവെള്ളത്തില്‍ കഴുകിയാല്‍ മിക്കവാറും കീടനാശിനികള്‍ പോയിക്കിട്ടും) പിഴിഞ്ഞെടുത്ത തനി ജ്യൂസ്‌ - ഒരു ലിറ്റര്‍ പഞ്ചസാര - 350 ഗ്രാം യീസ്റ്റ്‌ -അര ടേബിള്‍ സ്പൂണ്‍ ഒരു പാത്രത്തില്‍ 3 ലിറ്റര്‍ വെള്ളം 70 ഡിഗ്രി ചൂടാക്കുക ( സ്റ്റെറിലൈസ്‌ ചെയ്യാന്‍ വെള്ളം തിളപ്പിച്ചിട്ട്‌ ഈ ചൂടെത്തുംവരെ തണുപ്പിക്കുക) ഈ വെള്ളത്തില്‍ പഞ്ചസാരയും യീസ്റ്റും മുന്തിരിസത്തും നന്നായി ഇളക്കി ചേര്‍ക്കുക. 4 ലിറ്റര്‍ കോട റെഡി. ഇതിനെ ഒരു ഭരണിയില്‍ ഒഴിച്ച്‌ വായ്‌ (സ്വന്തം വായ അല്ല, ഭരണിയുടെ വായ്‌) ഒരു ബലൂണ്‍ കൊണ്ട്‌ മുറുക്കെ അടയ്ക്കുക (ഫെര്‍മെന്റേഷണ്‍ ലോക്ക്‌ എന്ന സാധനം നാട്ടില്‍ വാങ്ങാന്‍ കിട്ടില്ല, ബലൂണ്‍ കെട്ടി ഒരു റബ്ബര്‍ബാന്റ്‌ കൊണ്ട്‌ സംഭവം അങ്ങു മുറുക്കിയാല്‍ മതി) 1-2 മണിക്കൂര്‍ കഴിയുമ്പോള്‍ ബലൂണ്‍ വീര്‍ത്തു തുടങ്ങും . വല്ലാതെ വായു നിറഞ്ഞാന്‍ ഒന്നു തുറന്നിട്ട്‌ വീണ്ടും കെട്ടിയാല്‍ മതി. 3-5 ആഴ്ചകൊണ്ട്‌ ബലൂണ്‍ ചുരുങ്ങും. വൃത്തിയുള്ള ഒരു തുണികൊണ്ട്‌ അരിച്ചെടുത്റ്റാല്‍ ആയിരം രൂപയുടെ വിന്‍-ഡെ-ഗോവ റെഡി. ബ്രാണ്ടി ചേര്‍ക്കാതെ തന്നെ 4% പ്രൂഫ്‌ കിട്ടും. അടിക്കുറിപ്പ്‌: യീസ്റ്റിനുപകരം വെസ്റ്റോ നോര്‍ത്തോ ചേര്‍ക്കരുത്‌.

ഏവര്‍ക്കും സുഖമദ്യപാനം ആശംസിച്ചുകൊണ്ട്‌, വിശ്വസ്ഥന്‍,
(പണ്ടൊരിക്കല്‍ പബ്ലിഷ്‌ ചെയ്തതാണിത്‌, സിബുവിന്റെ വീഞ്ഞുകമ്പം കണ്ടപ്പോള്‍ പൊക്കിയെടുത്തു പുനപ്രകാശനം നടതുന്നു)

Wednesday, March 29, 2006

മണിമലയാറ്`

Image hosting by Photobucket
ഈ വഴിയില്‍ക്കൂടി നടന്നാണ് സിറാജിന്റെ ഓര്‍മ്മകളിലെ മൈനാ‍
പീലിക്കുന്നും കടന്ന് വരയാടുകള്‍ മേയുന്ന രാജമല താണ്ടി കമ്പുപയറ്റു വീരരായ മറയരുടെ ഊരിലേക്കു പോയത്.