Thursday, October 11, 2007

കലം ബിരിയാണി





ബൂലോഗര്‍ക്കെല്ലാം ഈദുല്‍ ഫിത്തര്‍ ആശംസകള്‍.

ഇത് മല്ലപ്പള്ളിയിലെ മാതാ ഹോട്ടലിലെ കലം ബിരിയാണി. ഒരാള്‍ക്കുള്ള ബിരിയാണി വീതം ഓരോ മണ്‍ കുടത്തില്‍ അടച്ചു പാചകം ചെയ്ത്, കുടത്തോടെ വില്‍ക്കുന്ന രീതിയാണിതിന്റേത്.
ഈ ഫ്ലേവര്‍ ലോക്ക് സം‌വിധാനമാണ്‌ ഇതിന്റെ രുചിയുടെ പ്രത്യേകത എന്ന് ഹോട്ടലുകാര്‍ അവകാശപ്പെടുന്നു, മല്ലപ്പള്ളിക്കാര്‍ അംഗീകരിക്കുന്നു. വാങ്ങുന്നയാള്‍ക്ക് ഘടഭഞ്ജനം നടത്തിയോ കയ്യോ തവിയോ ഇട്ടു കോരിയോ കഴിക്കാം.

വാങ്ങി കൊണ്ടു പോകുന്നവര്‍ സൂക്ഷിക്കണം, കലത്തിനു ചൂടാണ്‌, പോളിത്തീന്‍ കീശയിലിട്ട് തൂക്കിപ്പിടിച്ചു നടന്നു പോയാല്‍ ബിരിയാണിയില്‍ മണ്ണു പറ്റും. ഓട്ടോയില്‍ നിന്നിറങ്ങിയ വഴി ഞാന്‍ പടിക്കല്‍ കൊണ്ട് കുടമുടയ്ക്കാന്‍ പോയി.

സംഭവത്തിനൊരു പ്രത്യേകരുചി ഒക്കെ ഉണ്ടെന്ന് ഞാനും സാക്ഷ്യപ്പെടുത്തുന്നു, പക്ഷേ ഹൈദരാബാദ് ബിരിയാണിയാണ്‌ ഏറ്റവും ഇഷ്ടം എന്ന എന്റെ അഭിപ്രായം മാറ്റാന്‍ ഈ കലധാരിക്കും കഴിഞ്ഞില്ല.

Thursday, August 16, 2007

എക്സ്പീരിയന്‍സിനു ട്യൂഷന്‍ വേണോ?


കഴിവോ കുടുംബത്തു കാശോ ഉണ്ടേല്‍ ആര്‍ക്കും ബിരുദവും അതിന്റെ അനന്തിരവുമൊക്കെ എടുക്കാം. പക്ഷേ അതുകഴിഞ്ഞ് ജോലി അന്വേഷിച്ചിറങ്ങുമ്പോളാണു പുലിവാല്‌. എക്സ്പീരിയന്‍സ് വേണം. എല്ലാവരും ഇങ്ങനെ എക്സ്പീര്യന്‍സ് ഉള്ളവരെ മാത്രം എടുത്താല്‍ നമ്മളെന്തു ചെയ്യും? എക്സ്പീരിയന്‍സ് എവിടെ നിന്നും കിട്ടും? സോപ്പുകമ്പനിക്കാര്‍ പറയുമ്പോലെ വിഷമിക്കേണ്ടാ, അതെല്ലാം മറന്നേക്കൂ.

ഇതാ ഒരു എക്സ്പീരിയന്‍സ് ടീച്ചര്‍. ഒന്നാം ക്ലാസ്സു മുതല്‍ പത്താം ക്ലാസ്സുവരെയുള്ള കുട്ടികളെ എക്സ്പീരിയന്‍സ് പഠിപ്പിക്കുന്ന ഏക ടീച്ചര്‍. പത്തുക്ലാസ്സ് പഠിച്ചിറങ്ങുമ്പോള്‍ പത്തുവര്‍ഷം എക്സ്പീരിയന്‍സുമായി.
(ആ അവൈലബിള്‍ "ബൈയും" ടീച്ചര്‍ "ഫ്രം" ഗ്രേഡ് 1 റ്റു ഗ്രേഡ് 10 ഉം വിട്ടേക്കൂ ഈ ടീച്ചര്‍ നിങ്ങളെ റെന്‍ ആന്‍ഡ് മാര്‍ട്ടിന്‍ ഹൈസ്കൂള്‍ ഗ്രാമര്‍ പഠിപ്പിക്കുന്നൊന്നുമില്ലല്ലോ. എക്സ്പീരിയന്‍സ് അല്ലേ പഠിപ്പിക്കുന്നത്)

ഭാര്യാ ഭര്‍തൃ ജോലി ഒഴിച്ച് ബാക്കി സകലതിനും എക്സ്പീരിയന്‍സ് വേണം . ഇന്നു തന്നെ വിളിക്കൂ, എക്സ്പീരിയന്‍സ് നേടൂ.

Saturday, June 30, 2007

ഫോറസ്റ്റുമഴ




നാട്ടില്‍ നിന്നൊരു മഴ കൊണ്ടു വരാന്‍ അംബി പറഞ്ഞിരുന്നു. ദാണ്ടേ കുമരകം മഴ. തുമ്പിക്കൈ വ്യാസമുള്ള മഴത്തുള്ളി. രാത്രിയോളം ഇരുണ്ട ലൈറ്റ് അപ്പ്. വെള്ളച്ചാട്ടത്തിന്റെ സൗണ്ട് എഫക്റ്റ്. മായമയം- അതായത് മയയോട് മയ!

Thursday, June 07, 2007

പത്തല്ല പതിനായിരമല്ല


എണ്ണാമെങ്കില്‍ എണ്ണിക്കോ, നാളെ കള്ളം പറയരുതേ!

Friday, June 01, 2007

മക്കളേ, മടങ്ങി വരൂ




മക്കളേ, “ ഞാന്‍ തിരിച്ചു വരുമ്പോള്‍ ബുക്കേതെങ്കിലും കണ്ടില്ലെങ്കില്‍- അതിന്റെ പേരില്‍ ചൊല്ല് ഉണ്ടാവില്ല, തല്ലും ഉണ്ടാവില്ല, പക്ഷേ കൊല്ല് ഉണ്ടാവും“ എന്നു പറഞ്ഞിട്ടാണ് നിങ്ങളുടെ അമ്മ നാട്ടില്‍ പോയത്. ( എനിക്കെതിരേ പ്രയോഗിക്കപ്പെട്ടത് ഞാന്‍ കോപ്പിറൈറ്റ് എടുത്ത പ്രയോഗം... ഹും)

എന്നിട്ടും ഞാന്‍ നിങ്ങളില്‍ ചിലരെ കറങ്ങാന്‍ പുറത്തു വിട്ടിട്ടുണ്ട്(അച്ഛന്മാര്‍ പൊതുവേ സ്വാതന്ത്ര്യം കൂടുതല്‍ തരുന്നവരാ, സ്നേഹം കൂടുതല്‍ ഇങ്ങോട്ട് പോരട്ട്, ഒരു സോപ്പ്). അമ്മ തിരിച്ചു വരാറായി, അതുകൊണ്ട് ഇന്നേയ്ക്ക് ഏഴു നാളുകള്‍ക്കകം കറങ്ങാന്‍ പുറത്തു പോയിരിക്കുന്നവര്‍ എല്ലാം തിരിച്ചെത്തിക്കൊള്ളണം.

പോകുമ്പോള്‍ എയര്‍പോര്‍ട്ടില്‍ വച്ച് നിങ്ങടമ്മ “ഞാന്‍ ഒരു വാള് അവിടെ വച്ചിട്ടുണ്ട്, ഓര്‍ത്തോ” എന്നു പറഞ്ഞത് , ഗര്‍ഭിണികള്‍ സാധാരണ വാളുവയ്ക്കാറുണ്ട്, അതിനിപ്പോ പറയാനെന്താ എന്നേ കരുതിയുള്ളു. ഇതാണ് സംഭവം എന്ന് വീട്ടിലെത്തിയപ്പോഴാ അറിഞ്ഞത് . അച്ഛനെ കൊല്ലിച്ചവന്‍ എന്ന ചീത്തപ്പേരു കേള്‍പ്പിക്കാതെ വേഗം വരീന്‍. ഇന്‍ ഹൌസ് ഉണ്ണിയാര്‍ച്ചക്ക് തല്‍ക്കാലം ഇവിടെ വേക്കന്‍സി ഇല്ല.

അച്ഛന്‍ പുകവലിക്കരുതെന്നോ കള്ളു കുടിക്കരുതെന്നോ ചിന്ന വീട് വയ്ക്കരുതെന്നോ എന്തിനു ബ്ലോഗില്‍ കയറി വളിച്ച പോസ്റ്റുകള്‍ ഇടരുതെന്നു പോലും അമ്മ പറഞ്ഞിട്ടില്ല. ആകെ ആവശ്യപ്പെട്ടത് നിങ്ങളെ കളയരുതെന്നു മാത്രമാണ്. കാരണവും അറിയാമല്ലോ, മുപ്പതു വര്‍ഷം (ഇല്ല ആദ്യത്തെ അഞ്ച് മൈനസ്)കിത്താബു വാങ്ങിയിട്ടും ഒരെണ്ണം പോലും അതില്‍ എന്റെ കയ്യില്‍ ഇന്നില്ലാത്തതുകൊണ്ടാണ്. പുറത്തു കറങ്ങുന്നവര്‍ എത്രയും വേഗം വരൂ.

(ഫോട്ടോ രേഷ്മ ഇടാന്‍ പറഞ്ഞതുകൊണ്ട് അവര്‍ക്കു തന്നെ സമര്‍പ്പിച്ചു. എന്റെ ടെലി ഫോട്ടോ ലെന്‍സും ക്യാനണ്‍ റെബലും സ്വപ്നത്തിലും, സോണി സൈബര്‍ഷോട്ട് നാട്ടിലും ആയി പോയതുകൊണ്ട് ഹാന്‍ഡിക്യാമിന്റെ സ്റ്റില്‍ മെമ്മറിയില്‍ എടുത്തതാണ്. ക്വാളിറ്റി ബഹുത്ത് മോശം ഹേ)

Tuesday, May 29, 2007

Friday, May 11, 2007

പച്ചാനയ്ക്കും പെരിങ്ങോടനും പട്ടേരിക്കും കലേഷിനും...



ഇന്നു പച്ചാനയുടെയും പെരിങ്ങോടന്റെയും പട്ടേരിയുടെയും ജന്മദിനം. മൂവര്‍ക്കും ആശംസകള്‍! ശശിയേട്ടനു‍(കൈതമുള്ള്)വൈകിയ പിറന്നാളാശംസകള്‍, പൂച്ചക്കുട്ടിക്ക് അഡ്വാന്‍സ് ആശംസകള്‍.

കലേഷിനും റീമക്കും ഒന്നാം വിവാഹവാര്‍ഷികാശംസകള്‍!

Monday, May 07, 2007

തുളസി




തുളസി എന്നു ആലോചിക്കുമ്പോള്‍ ആര്‍ട്ടിസ്റ്റ് ടി. കലാധരനെ പോലെ താടിയുള്ള ഒരു സഞ്ചിമൃഗമായിരുന്നു മനസ്സില്‍ അതുകൊണ്ട് തുളസിയെ നേരിട്ടു കണ്ടപ്പോ ഡിസില്യൂഷനായി. മൂന്നു ദിവസം ഉറക്കമൊഴിച്ചശേഷമുള്ള യാത്രയിലാണു തുളസിയെക്കണ്ടത്. ഒന്നും അങ്ങനെ ചോദിച്ചുമില്ല, പറഞ്ഞുമില്ല. എന്തരോ ആട്ട്, ദാ ലതാണു തുളസി

Tuesday, May 01, 2007

കരീം മാഷിനും സുല്ലിനും തറവാടിക്കും





കരീം മാഷിനും സുല്ലിനും തറവാടിക്കും പിറന്നാള്‍ ആശംസകള്‍!
നല്ല നാഗര്‍കോവില്‍ നാടാര്‍ സദ്യ ഒരുക്കിയിട്ടുണ്ട്‌, ഇന്ന് ഇവിടായിക്കോട്ടെ ഭക്ഷണം.

[ചിത്രം ഞാനെടുത്തതല്ല, പ്രസിദ്ധീകരണാവകാശം മാത്രമേ എനിക്കുള്ളു]

Saturday, April 21, 2007

അധോലോകത്തില്‍ നിന്നും പുറത്തേക്കു വന്നവര്‍


ഇവിടെല്ലാരും വിളവെടുപ്പു നടത്തുന്നു, ഞാന്‍ പങ്കെടുത്തില്ലെന്നു വേണ്ട . ദാണ്ടെ അഞ്ചാറു ചേന, കാച്ചില്‍, നനകിഴങ്ങ്.

Thursday, April 12, 2007

കലേഷിന് ആശംസകള്‍


ഇന്ന് നമ്മുടെയെല്ലാം സ്വന്തം കലേഷ്‌ കുമാറിന്റെ ജന്മദിനം. മൂപ്പര്‍ വെയിറ്റ്‌ കുറയ്ക്കല്‍ യജ്ഞത്തിലായതിനാല്‍ ഇവിടെ പായസം ഇല്ല, പകരം ദേവന്‍ സ്പെഷ്യല്‍‍ ഫ്രൂട്ട്‌ മാര്‍വല്‍ ഒരു കോപ്പ.

ഇനിയും ഒരു സെഞ്ച്വറിക്കാലം ആര്‍മ്മാദിച്ച്‌ വാഴുക കലേഷേ.

Saturday, March 24, 2007

അതുല്യക്കാശംസകള്‍



ഇതെന്താ ഈ ഫോട്ടോയില്‍ എന്ന് ആലോചിക്കുകയാണോ? പിറന്നാളുകാരി അതുല്യക്ക്‌ എറ്റവും ഇഷ്ടമുള്ള കാര്യങ്ങള്‍ - ശര്‍ക്കര, നെയ്യ്‌, പാല്‌, തേങ്ങാ, കശുവണ്ടി ഒക്കെ ചേരുന്ന ഒരു പലഹാരം- അലുവാ.

വരൂ കുട്ടികളേ, കട്ട്‌!
(ഞാന്‍ താഴേന്ന് ഒരു ചാമ്പക്കാ കഴിച്ചോളാം, നെയ്യും മധുരോം എനിക്കു പിടിക്കൂല്ലാ)

അഗ്രജന്


അഗ്രജന്റെ പിറന്നാള്‍ ഇന്നാണെന്ന് അറിഞ്ഞില്ല. അതുകൊണ്ട് ഒന്നും വാങ്ങാന്‍ പറ്റിയില്ല. അതു നന്നായി, നല്ലോരു ദിവസമായിട്ട് ലഡുവും ജിലേബിയും കഴിച്ച് വയര്‍ ചീത്തയാക്കണ്ടാ. ഇത് പനിനീര്‍ ചാമ്പക്കായ. ആ ദുര്‍ഗ്ഗേടെ കല്യാണത്തിനു പോയിട്ട് വരുന്ന വഴി ഒരു വീട്ടില്‍ കയറി ഒപ്പിച്ചതാണ്.

Friday, March 16, 2007

ലോ ഒരു ലോഗോ



പണ്ടൊരു കമ്പനിയുടെ ലോഗോ വ്യാഖ്യാനിച്ച് ഒരു വെള്ളായി രണ്ടു മണിക്കൂര്‍ സംസാരിച്ചു കേട്ടപ്പോഴാ എന്റെ ലോഗാസ്വാദനം ലോഗോത്തര നിലവാരം പുലര്‍ത്തുന്നില്ലെന്നത് മനസ്സിലായത്. അതേല്‍ പിന്നെ മനസ്സിലാവാത്ത കൊടിമുദ്രകള്‍ കണ്ടാല്‍ ആരോടെങ്കിലും ചോദിച്ച് പുരിയവയ്ക്കും.
ബ്ലോഗന്മാരോടൊപ്പം കൊച്ചി തെണ്ടാനിറങ്ങിയപ്പോള്‍ കണ്ടതാണിത്‌. എന്താ ഉദ്ദേശിച്ചതെന്ന് മനസ്സിലായില്ല.

പുല്ലില്‍ ഗോള്‍ഫ്‌ ക്ലബ്ബുകൊണ്ട്‌ തട്ടിയാല്‍ പാമ്പ്‌ ചാടി വരുമെന്നോ?

നെയ്യപ്പം തിന്നാല്‍ രണ്ടുണ്ടു കാര്യം എന്നു പറഞ്ഞതുപോലെ കോലുകൊണ്ട്‌ പന്തും തട്ടാം പാമ്പിനേം തല്ലിക്കൊല്ലാം എന്നോ?

അപ്രത്തെ ബാറില്‍ നിന്നും അടിച്ചു പാമ്പായി ഗോള്‍ഫ്‌ കളിക്കാന്‍ വരുന്നവരുടെ ക്ലബ്ബാണിതെന്നോ?

ആരെങ്കിലും പറഞ്ഞു താ. നിങ്ങളെ ലോഗന്‍ സായ്പ്പ്‌ അനുഗ്രഹിക്കും.

Monday, March 12, 2007

ഇക്കാസിനാശംസകള്‍!



ഇന്ന് ഇക്കാസിന്റെ പിറന്നാള്‍. എത്രവയസ്സായെന്നു പറഞത് മറന്നു അമ്പത്തേഴെന്നോ അതോ അറുപത്തി രണ്ടെന്നോ? ആ എത്രയെങ്കിലും ആകട്ടെ, സെഞ്ച്വറി അടിച്ചേച്ച് പോകട്ടെ, എന്ന് ആശംശിക്കുന്നു.

Thursday, March 08, 2007

കറിയപ്പാ



കൃഷിന്റെ ചോറിനു ഏറ്റവും യോജിച്ച കറി തേങ്ങ വറുത്തരച്ച കോഴി ആണെന്ന് മലേഷ്യന്‍ ആദിവാസികള്‍ പറയുന്നു. ജെന്റിങ് ഹൈലന്‍ഡ്സില്‍ പോകുന്ന വഴിയാണ് കാട്ടുമുക്കില്‍ ഈ ആദിവാസി തട്ടുകട കണ്ടത്. പണ്ടുകാലങളില്‍ വേട്ടക്കു പോയിരുന്നവര്‍ ഈ കുറ്റി ആവനാഴി കണക്കെ മുതുകില്‍ തൂക്കിയാണ് പോയിരുന്നതെന്നും ആ. വാ. പറഞ്ഞു തന്നു. ഇതേന്ന് ഒരു കുറ്റി ചോറും ചിക്കന്റെ ചാ‍റും കഴിച്ചിട്ട് വയര്‍ കോണ്‍ക്രീറ്റ് തിന്ന പോലെ നിറഞ്ഞു. രണ്ടു ദിവസം വിശന്നതേയില്ല.

Saturday, February 03, 2007

ആട്ടിന്‍ ചാട്ടം



ദേ ദേവനങ്കിള്‍ ഹാജര്‍ സോലീറ്റമോളേ. ഹാപ്പി ബെര്‍ത്ത്ഡേ റ്റു യൂ.

മോള്‍ക്കിഷ്ടമുള്ള ഒരു കാര്യം കൊണ്ടു വന്നിട്ടുണ്ട്‌. അന്ന് ചിക്കാഗോ സൂവില്‍ വച്ച്‌ പറഞ്ഞില്ലേ ആടിനെ ഇഷ്ടമാണെന്ന്.
(ആട്ടികുട്ടി ചാടിയപ്പോ ടെന്‍ഷനോവിഷനില്‍ എടുത്ത പടമാ ബൂലോഗരേ, ഒന്നും സെറ്റ്‌ ചെയ്തില്ല, ഗുണനിലവാരമില്ലായ്മ ക്ഷമിക്കണേ)

Thursday, February 01, 2007

കായാമ്പൂ



കായാമ്പൂ വേലിയില്‍ വിടരും
കമലദളം കുളത്തില്‍ വിരിയും
അനുരാഗവതീ നിന്‍ തൊടികളിലിന്നാലിപ്പഴം പൊഴിയും
(നടക്കുന്ന കാര്യങ്ങളല്ലേ പാടാവൂ? )

Monday, January 08, 2007

അതുല്യ



രണ്ടാഴ്ച്ച മുന്നേ കടലോരത്തുകൂടി മോട്ടോര്‍സൈക്കിളോടിച്ചു പോകുന്ന ദമ്പതികളെ നോക്കി ഒരാള്‍ ഇങ്ങനെ കമന്റ്‌ പാസ്സാക്കി
"blessed couple are happy usually & happier when they are together"

ആ ബൈക്കര്‍മാര്‍ അതുല്യയും ശര്‍മ്മാജിയും. ഇവരെ രണ്ടുപേരായി കാണുക ബുദ്ധിമുട്ട്‌.

ബൂലോഗത്ത്‌ ഞാന്‍ കാലെടുത്തു കുത്തി അഞ്ചു മിനുട്ടിനുള്ളില്‍ അതുല്യയുമായി ശണ്ഠ കൂടി. ഇപ്പോഴും വലിയ കുറവൊന്നുമില്ല തമ്മില്‍ തല്ലിന്‌, അതൊരു ആശയപരമായ സംഘട്ടണമാണെന്നും അതില്‍ ഇരു വ്യക്തികളേയും സംബന്ധിച്ചൊന്നുമില്ലെന്നും എനിക്കറിയാം, അവര്‍ക്കും അറിയാമെന്ന് തോന്നുന്നു.
ബ്ലോഗിനോട്‌ വികാരപരമായ ഒരു സമീപനം തീരെയില്ല അതുല്യക്ക്‌. "ബ്ലോഗ്‌ എന്റെ അമ്മാവിയപ്പന്‍ ആണോ അതിനെക്കുറിച്ച്‌ ഇങ്ങനെ ആകുലപ്പെടാന്‍" എന്ന് അവരുടെ തന്നെ നിരീക്ഷണം!

പൊതുവില്‍ സോദ്ദേശ സാഹിത്യമാണ്‌ അതുല്യയുടെ ഇതുവരെ എഴുതപ്പെട്ട പത്തു നാല്‍പ്പത്‌ കഥകളും- അതായത്‌ ഒരു സന്ദേശം ബൂലോഗത്തേക്കയക്കുന്നതിന്റെ മീഡിയമായി കഥകള്‍ തിരഞ്ഞെടുക്കുന്നെന്നേയുള്ളു അവര്‍. അതിലോരോന്ന് പരീക്ഷിച്ച്‌ പുലിവാല്‍ പിടിക്കുകയും ചെയ്തിട്ടുണ്ട്‌.

പട്ടാള ജീവിതമാണോ പട്ടാളക്കാരനുമൊത്തുള്ള ജീവിതമാണോ കാരണമെന്നറിയില്ല അതുല്യക്ക്‌ പലപ്പോഴും കര്‍ക്കശമായ എഴുത്തും സംസാരവും വന്നും പോയും ഇരിക്കുന്നത്‌ കാണാം.

ഭയങ്കരമായ പ്രതിസന്ധികളുടെ ബാല്യം തരണം ചെയ്ത ആളെന്ന നിലക്കും കേരളത്തിന്റെ രാഷ്ട്രീയ- ജനകീയ രംഗങ്ങളില്‍ നിന്നും പൊതുവേ വിദേശ മലയാളികള്‍ ഒഴിഞ്ഞു മാറുമ്പോള്‍ അവിടെ സജീവമായി രംഗത്തു തുടരുന്നയാളെന്ന നിലക്കും അതുല്യയോട് എനിക്കൊരു മതിപ്പു തോന്നിയിട്ടുണ്ട് .

നല്ല പാതി ശര്‍മ്മാജി ഞാന്‍ ജോലി ചെയ്യുന്ന സ്ഥാപനത്തില്‍ (നേരില്‍ കാണുമെന്ന അവസ്ഥ വരും വരെ ഇവര്‍ എന്നോട്‌ പറഞ്ഞില്ല!) തന്നെ വൈമാനിക സൌദാമിനീ ശാസ്ത്ര വിദഗ്ദ്ധനായി (വക്കാരിയെ ഒതുക്കി) ജോലി നോക്കുന്നു. മൂപ്പരെക്കുറിച്ച്‌ എഴുതുമ്പോള്‍ മലയാളം എഴുതുന്നത്‌ മാറി നിന്ന് അടക്കം പറയുന്നതുപോലെയല്ലേ? ശകലം ആംഗലേയം മൊഴിയാം
Sarmaji is an engineer in the aviation electronics section of the organization I serve. Though working in entirely different functional avenues, I know him pretty well (let him keep guessing about my spy-net!) and knowing how his peer level staff and seniors assess him, I wasn’t surprised to hear he was honoured with our best engineer’s award.

എകമകന്‍ അര്‍ജ്ജുന്‍ പത്തില്‍ പഠിക്കുന്നു.

Saturday, January 06, 2007

വീഡിയോക്കോണര്‍

കുറേക്കാലമായി ഒരു എസ്‌ എല്‍ ആര്‍ ക്യാമറ വാങ്ങണോ അതോ ഒരു ഹാന്‍ഡിക്യാം വാങ്ങണോ എന്നാലോചിക്കാന്‍ തുടങ്ങീട്ട്‌. വല്ല ലോട്ടറിയും അടിച്ചാല്‍ രണ്ടും കൂടെ വാങ്ങാം എന്നും മനോരാജ്യവും മംഗളവും കണ്ടു. ഒടുക്കം ഇന്ന് അടിച്ചു. ലോട്ടറിയല്ല, ഡെസ്പ്‌.

ആ അരിശത്തില്‍ തൂമ്പയെടുത്തും ചേമ്പു കിളച്ചും തുവരകള്‍ വഴുതിന വാഴകള്‍ വച്ചും നമ്പൂരാരുടെ പിറകെ നടന്നും ഇമ്മിണി ഉണ്ടായിരുന്നത്‌ (കട. Mr. Nambiar) മൊത്തമായി കടയില്‍ പൊട്ടിച്ച്‌ ഞാന്‍ ഒരു വീഡിയോക്ക്‌ ഓണറായി.
ഇത്‌ ആ വീഡിയോക്യാമറയില്‍ ആദ്യമായി എടുത്ത്‌ പടം.

ഇത്‌ ആ വീഡിയോ ക്യാമറയെ ആദ്യമായി പടത്തിലാക്കിയത്‌.

എല്ലാം ബൂലോഗനെഞ്ചത്തിരിക്കട്ട്‌.