Saturday, December 30, 2006

സിദ്ധാര്‍ത്ഥന്‍


സിദ്ധാര്‍ത്ഥനെ ബൂലോഗയുഗത്തിനും മുന്നേ മലയാളവേദി ഫോറമെഴുത്തുകാലത്ത്‌ ഞാന്‍ പരിചയപ്പെട്ടു. എങ്കിലും ഏറെക്കാലം കഴിഞ്ഞാണ്‌ എന്റെ അയല്‍വാസിയാണെന്ന് മനസ്സിലായത്‌.

ഫോറത്തില്‍ ആക്റ്റീവ്‌ ആയിരുന്ന സിദ്ധാര്‍ത്ഥന്‍ എങ്ങനെയോ മടിയനായ ബൂലോഗവാസിയായി. നിലപാട്‌, ചിത്രങ്ങള്‍ എന്നീ ബ്ലോഗ്ഗുകളില്‍ വളരെക്കുറച്ച്‌ പോസ്റ്റുകളേ കാണാനുള്ളു. വായനക്കിടയില്‍ എന്ന ബ്ലോഗ്‌ മാത്രമാണ്‌ ഇടക്കെങ്കിലും അനങ്ങുന്നത്‌.

അനാലിറ്റിക്കല്‍ റിവ്യൂ ചെയ്യാനുള്ള അസാമാന്യ കെല്‍പ്പാണ് സിദ്ധന്റെ സിദ്ധിയായി എനിക്കു തോന്നിയിട്ടുള്ളത്‌. തകര്‍പ്പന്‍ സാഹിത്യ നിരൂപണങ്ങളെഴുതാനുള്ള കഴിവു കൈവശമുണ്ട്‌. പറഞ്ഞിട്ടെന്തു കാര്യം, എഴുതണ്ടേ.

അദ്ധ്യാപകന്‍ എന്ന നിലയിലും സിഡ്‌ തിളങ്ങും എന്നെന്റെ അനുമാനം. ബാലസാഹിത്യം എഴുതാനും കൊള്ളാവുന്ന ഒരാള്‍.

പുതിയ സ്വപ്നമായ ശബ്ദതാരാവലി ഓണ്‍ലൈനിന്റെ പണിപ്പുരയിലാണിപ്പോള്‍ ഈ ബ്ലോഗന്‍. ആ പ്രോജക്റ്റില്‍ എനിക്ക്‌ ആകര്‍ഷകമായി തോന്നുന്നത്‌ ഈ ലെക്സിക്കണെ ഒരു തെസാറസ്‌ ആയി വര്‍ത്തിക്കാന്‍ പ്രാപ്തമാക്കിയാല്‍ മുഖ്യധാരാ സാഹിത്യകാരന്മാരും മാധ്യമ പ്രവര്‍ത്തകരും ഉപയോഗിക്കായ്കയാല്‍ മലയാളത്തില്‍ ഇന്നു സര്‍ക്കുലേഷനില്‍ നിന്നും പുറത്തുപോയ പതിനായിരക്കണക്കിനു വാക്കുകള്‍ ഇന്റര്‍നെറ്റിലൂടെ പുനര്‍ജനിക്കാനുള്ള സാദ്ധ്യതയാണ്‌.

സിദ്ധാര്‍ത്ഥനെന്ന സജിത്ത്‌ യൂസഫ്‌ ഷാര്‍ജ്ജയില്‍ ജോലി ചെയ്യുന്നു. താമസം അല്‍ ഖിസൈസ്‌ അല്‍ ദുബായി അല്‍ ജന്നത്ത്‌ ഉള്‍ ഫിര്‍ദൌസില്‍. വിവാഹിതന്‍. കുട്ടികള്‍- ആദ്യത്തെയാള്‍ സ്റ്റോര്‍ക്കിന്റെ ചുണ്ടിലെ തുണിത്തൊട്ടിലില്‍ ഉറങ്ങിക്കൊണ്ട്‌ യാത്ര തിരിച്ചിട്ടുണ്ട്‌.

Thursday, December 28, 2006

കൈപ്പള്ളി



[ബ്ലോഗിനെക്കുറിച്ചല്ല, ബ്ലോഗന്മാരെക്കുറിച്ച്‌ ഒരു സീരിയല്‍ എഴുതാനുള്ള ശ്രമത്തിലാണ്‌. മിക്കവാറും ഞാന്‍ ഇഷ്ടമ്പോലെ വാങ്ങിക്കൂട്ടും! എന്തരോ വരട്ട്‌ ആദ്യത്തെ ഭാഗം ഞാന്‍ ദാ പബ്ലിഷി. ]

നിഷാദ്‌ ഹുസൈന്‍ ലബ്ബ കൈപ്പള്ളി എന്ന ബ്ലോഗറെ വളരെ കുറച്ചു കാലം മാത്രമേ ആയുള്ളു ഞാന്‍ പരിചയപ്പെട്ടിട്ട്‌. വളരെക്കുറച്ചു മാത്രമേ പരിചയപ്പെട്ടുള്ളു എന്നും പറയാം.

കൈപ്പള്ളി എന്ന ഭാഷാസ്നേഹിയെ പെട്ടെന്നു മനസ്സിലാവും. കൈപ്പള്ളി എന്ന ഫൊട്ടോഗ്രാഫറെ അതിലും എളുപ്പം മനസ്സിലാവും. അഞ്ചു മിനുട്ട്‌ ഇടപഴകിയാല്‍ റാസല്‍ ഖോറിലെ ഫ്ലാമിംഗോക്കുഞ്ഞുങ്ങള്‍ "എന്റെ സ്വന്തം മക്കളാ"ണെന്നു പറയുന്ന പക്ഷിസംരക്ഷകനെയും കണ്ടെത്താം.

നിഷാദെന്ന ബിസിനസ്സുകാരനെയും ഗൃഹനാഥനെയും എനിക്കു തീരെ പരിചയമില്ല.

തിരുവനന്തപുരം ആക്സന്റില്‍ (സോറി സ്വരാഘാതം, വക്കാരി വെട്ടല്ലേ, പ്ലീസ്‌)കൊല്ലം ഭാഷ മിക്സ്‌ ചെയ്ത സംസാരം കേട്ടാല്‍ നാട്ടിലൊരാല്‍ത്തറയിലോ ആര്‍ട്ട്സ്‌ ക്ലബ്ബിലോ സായാഹ്നങ്ങള്‍ ചിലവിട്ടില്ലെന്ന് തോന്നുകയേയില്ല. എന്നാല്‍ നമ്മള്‍ അംഗീകരിച്ച അല്ലെങ്കില്‍ ആലോചിക്കേണ്ടതുണ്ടെന്നു കരുതാത്ത പലതിലും കൈപ്പള്ളിക്കു കല്ലുകടിക്കുമ്പോല്‍ മറിച്ചും തോന്നും.
മനസ്സിലാക്കാന്‍ അല്ലെങ്കില്‍ അംഗീകരിക്കാന്‍ പ്രയാസം കൈപ്പള്ളിയെന്ന റെബലിനെയാണ്‌. compare, contrast, append, revise എന്ന രീതിയില്‍ കാര്യങ്ങളെ കാണുന്ന എനിക്ക്‌ കൈപ്പള്ളിയുടെ റിബല്‍ സമീപനങ്ങളിലും നിരീക്ഷണങ്ങളിലും നല്ലൊരു ശതമാനം വിയോജിപ്പാണ്‌. എന്നാല്‍ "കേരള ചരിത്രമെഴുതിയവര്‍ അപ്പടി തെറ്റു പറഞ്ഞിരിക്കുന്നു. വിശ്വാസം പോരാഞ്ഞു ഞാന്‍ UCLA ലൈബ്രറി സൂക്ഷിച്ചിരിക്കുന്ന പുരാതന കപ്പല്‍ ലോഗുകള്‍ പരിശോധിച്ചു ഇന്നത്‌ കണ്ടെത്തി" എന്നു പറയുന്ന കൈപ്പള്ളിയിലെ "ഫയങ്കര നാച്ചുറല്‍" റെബലിനെ അംഗീകരിക്കാതിരിക്കാനാവില്ല.

രത്നച്ചുരുക്കം: കൈപ്പള്ളി ഒരു "ഭയങ്കര" ഉരുപ്പടി തന്നപ്പോ.

Saturday, December 23, 2006

ആശംസകള്‍




2007 ഈ ഭീമന്‍ ഒന്നാം സ്ഥാനത്ത്‌ തുടരുന്ന അവസാനവര്‍ഷം. ഒരു വര്‍ഷം കൂടി കഴിയുന്നതോടെ Burj Dubai ഒന്നാം സ്ഥാനത്തെത്തുന്നു. ഓരോ വര്‍ഷവും മുന്നത്തേതിനെക്കാള്‍ കൂടുതല്‍ മെച്ചപ്പെട്ടതും കൂടുതല്‍ നല്ലതും കൂടുതല്‍ ആനന്ദകരവും കൂടുതല്‍ നന്മ നിറഞ്ഞതും ആകട്ടെ ലോകം.

നാളെ വിദ്യയുടെ പിറന്നാള്‍. പിറന്നാളുകാരിയേയും കൊണ്ട്‌ രാത്രി ദുബായി സെന്റ്‌ മേരീസില്‍ പോയി പിറന്നാളുകാരനെ സന്ദര്‍ശിക്കുന്ന പതിവുണ്ടായിരുന്നു. ഇത്തവണ ഞങ്ങള്‍ രണ്ടും രണ്ടിടത്തായതുകൊണ്ട്‌ പോകാന്‍ തോന്നുന്നില്ല. ഇവിടെയിരുന്ന് എല്ലാവര്‍ക്കും വേണ്ടി പ്രാര്‍ത്ഥിക്കാം. നല്ലതുവരട്ടെ.

ബൂലോഗര്‍ക്കെല്ലാം ക്രിസ്ത്മസ്‌, ഈദ്‌, നവവത്സരാശംസകള്‍!